തൊടുപുഴ: വീടിന്റെ അലമാരയ്ക്കുള്ളിൽ കയറി ഒളിച്ച കരിമൂർഖനെ പിടികൂടാൻ വീട്ടുകാർ വിളിച്ചത് ഫയർഫോഴ്സിനെ. എന്നാൽ ഫയർഫോഴ്സ് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഇവർ എത്താത്തതിനെ തുടർന്ന് മണിക്കൂറുകളോളം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ പാന്പിനു കാവലിരുന്നു.
ഒടുവിൽ വാവ സുരേഷെത്തി പാന്പിനെ പിടി കൂടിയപ്പോഴാണ് വീട്ടുകാർക്കും ഫയർഫോഴ്സിനു ആശ്വാസമായത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തൊടുപുഴ കുമാരമംഗലം പാറ സ്വദേശി വെട്ടിക്കാട്ടിൽ വിഷ്ണു ഓമനക്കുട്ടന്റെ വീട്ടിലെ അലമാരയ്ക്കുള്ളിലാണ് മൂർഖൻ കയറിയത്.
വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പാന്പിനെ പിടിക്കാൻ സംവിധാനമില്ലാത്ത ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവർ എത്താൻ തയാറായില്ല. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാവ സുരേഷിനെ വിവരമറിയിച്ചു.
എന്നാൽ വാവ സുരേഷ് ഈ സമയം ആലപ്പുഴയിൽ കിണറ്റിലകപ്പെട്ട പാന്പിനെ രക്ഷപെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനു ശേഷം എത്തിക്കോളാമെന്നും മൂർഖൻ കടന്നു കളയാതെ നോക്കണമെന്നും അദ്ദേഹം ഫയർഫോഴ്സിനെ അറിയിച്ചു.
ഇതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഇന്നു പുലർച്ചെ വരെ മൂർഖൻ സ്ഥലത്തു നിന്നും മുങ്ങാതെ കാവലിരിക്കേണ്ടി വന്നു. പുലർച്ചെ നാലോടെ വാവ സുരേഷ് സ്ഥലത്തെത്തി മൂർഖനെ പിടികൂടി ചാക്കിലാക്കി റാന്നിയിലേക്ക് മടങ്ങിയതോടെയാണ് എല്ലാവർക്കും സമാധാനമായത്.
തൊടുപുഴ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി.കെ.ജയറാം, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി.വിജിൻ എന്നിവരാണ് സ്ഥലത്തെത്തിയത്. a