കണമല: ഇനി പാമ്പിനെ പിടിക്കില്ലെന്ന തീരുമാനം വാവ സുരേഷ് തിരുത്തിയപ്പോൾ വിളിയെത്തിയത് രാജവെമ്പാലയെ പിടിക്കാൻ തുലാപ്പള്ളിയിൽ നിന്ന്. അതോടെ വാവ സുരേഷിന്റെ കൈയിലൊതുങ്ങിയ 166-ാമത്തെ രാജവെമ്പാലയായി തുലാപ്പള്ളിയിലേത്. ഇനി പാമ്പിനെ പിടിക്കില്ലെന്ന തീരുമാനം പിൻവലിച്ച വാവയ്ക്കു നാട്ടുകാർ ആവേശകരമായ വരവേൽപ്പാണു നൽകിയത്.
കഴിഞ്ഞദിവസമാണ് സംഭവം. തുലാപ്പള്ളി ഷിബുഭവനിൽ വാസുദേവന്റെ വീട്ടിലെ നായയുടെ കൂടിനടിയിൽ പതുങ്ങിയിരുന്ന രാജവെമ്പാലയെ നിഷ്പ്രയാസം വാവ സുരേഷ് പിടികൂടി. കണ്ടുനിന്ന വീട്ടുകാർക്കും വനപാലകർക്കും നാട്ടുകാർക്കും ഇതോടെ ആശ്വാസമായി.
ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീടിനു സമീപത്തു കണ്ട വീട്ടുകാർ ഭീതിയിലായി. അയൽവാസികളും നാട്ടുകാരും വനപാലകരുടെ സഹായം തേടിയെങ്കിലും രാജവെമ്പാലയെ പിടികൂടാൻ വിദഗ്ധരെ കിട്ടാതെ വനംവകുപ്പ് വിഷമത്തിലായി. ഇനി പാമ്പിനെ പിടിക്കില്ലെന്ന തീരുമാനം വാവ സുരേഷ് ഉപേക്ഷിച്ചെന്നറിഞ്ഞ വനപാലകരും നാട്ടുകാരും ഇതോടെ സുരേഷിന്റെ സഹായം തേടുകയായിരുന്നു.
14 അടിയോളം നീളമുണ്ട് പിടികൂടിയ നാലു വയസോളം പ്രായമുള്ള പെൺ രാജവെമ്പാലയ്ക്കെന്ന് സുരേഷ് പറഞ്ഞു. പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിലേക്ക് വനപാലകരുടെ നേതൃത്വത്തിൽ വിട്ടു. എരുമേലിയുടെ കിഴക്കൻ മേഖലയിൽ ഇതിനോടകം നിരവധി തവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.