കോട്ടയം: വാവാ സുരേഷിന് സിപിഎം വീട് നിര്‍മിച്ച് നല്‍കും. മന്ത്രി വി.എന്‍. വാസവന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സിപിഎം നേതൃത്വം നല്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മിക്കുന്നത്.
സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മിച്ച് നല്‍കണം എന്നതായിരുന്നു.
ഇതിന് മുന്‍പ് പലരും ഈ നിര്‍ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രളയകാലത്തും കോവിഡ് കാലത്തും സേവനരംഗത്ത് മാതൃകയായി നിന്ന പ്രസ്ഥനമാണ് അഭയം.
അഭയത്തിന്റെ ചുമതലയില്‍ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിര്‍മിച്ച് നല്‍കുകയെന്നും വാസവൻ അറിയിച്ചു.