തൊടുപുഴ: മൂർഖൻ പാന്പുകളെ വാവാ സുരേഷെത്തി പിടികൂടി. തെക്കുഭാഗം പറയാണിക്കൽ ടി.പി. ഷാജിയുടെ വീട്ടിൽ നിന്നാണ് പാന്പുകളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ വീട്ടിൽ നിന്നും കുട്ടികൾ പുറത്തിറങ്ങുന്നതിനിടെയാണ് മൂർഖൻ പാന്പുകളെ മുറ്റത്ത് കണ്ടത്.
കുട്ടികൾ പേടിച്ച് ബഹളം വയ്ക്കുന്നതു കേട്ട് മറ്റുള്ളവർ എത്തിയപ്പോൾ പാന്പ് സമീപത്തെ കൽകെട്ടിനിടയിൽ ഒളിക്കുകയായിരുന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാർ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് തിരിച്ച ഇദ്ദേഹം പുലർച്ചെ നാലോടെ സ്ഥലത്തെത്തി. പിന്നീട് മണിക്കൂറുകൾ പ്രയത്നിച്ച് കൽകെട്ട് പൊളിച്ചാണ് ഇരു പാന്പുകളെയും പുറത്തെടുത്തത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഇവ ഇണചേരുന്ന സമയമാണെന്നും ഇത്തരത്തിൽ കാണുന്നവയെ ഉപദ്രവിക്കരുതെന്നും വാവ സുരേഷ് പറഞ്ഞു.