കണമല: വാവ സുരേഷ് എരുമേലിയുടെ കിഴക്കൻ പ്രദേശത്ത് താമസമാക്കുകയാണ് നല്ലതെന്ന് തമാശരൂപേണെ നാട്ടുകാർ.
ഇന്നലെ മൂക്കൻപെട്ടിയിൽ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയപ്പോഴാണ് നാട്ടുകാർ ഇങ്ങനെ അഭ്യർഥന നടത്തിയത്. പമ്പാവാലി മേഖലയിൽ നിന്ന് ഇതിനോടകം നിരവധി തവണയാണ് വാവ സുരേഷെത്തി രാജവെമ്പാലകളെ പിടികൂടുന്നത്.
ഇന്നലെ മൂക്കൻപെട്ടി അരുവിക്കൽ കോളനി ഭാഗത്ത് കൊച്ചുഴത്തിൽ മധുവിന്റെ പുരയിടത്തിലെ കൈയാലയിൽ നിന്നും 15 അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് പിടിച്ചത്.
സമീപത്തെ കുന്നുംപുറത്ത് സുകുമാരന്റെ വീടിന്റെ സമീപത്തൂടെ രാജവെമ്പാല ഇഴഞ്ഞുവരുന്നത് കണ്ട് നാട്ടുകാരനായ കല്ലംമാക്കൽ ഷൈജു ഫോണിൽ വിളിച്ച് വാവ സുരേഷിനെ അറിയിക്കുകയായിരുന്നു.
കാളകെട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്ന് ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ വനപാലകരുമെത്തിയിരുന്നു. പമ്പാവാലി എഴുകുംമണ്ണിൽ കളരിക്കൽ ബെന്നിയുടെ വീട്ടിൽ നിന്നും അറയാഞ്ഞിലിമണ്ണിൽ നിന്നും രാജവെമ്പാലകളെ കഴിഞ്ഞ ദിവസമാണ് വാവ സുരേഷ് പിടികൂടിയത്.
മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് വട്ടക്കുന്നേൽ സണ്ണി, ഹരിഭവനം ജെയ്മോൻ എന്നിവരുടെ വീടുകളിൽ നിന്നും മുമ്പ് രാജവെമ്പാലകളെ പിടികൂടിയിട്ടുണ്ട്. ഇതെല്ലാം ഉൾപ്പെടെ ഒട്ടേറെ തവണയാണ് ഈ മേഖലകളിൽ നിന്ന് രാജവെമ്പാലകളെ പിടിച്ചിട്ടുള്ളത്.