എരുമേലി: എരുമേലി മസ്ജിദ് സന്ദർശിക്കുന്നതിനു സ്ത്രീകൾ അടക്കം ആർക്കും വിലക്കില്ലെന്നു ജമാ അത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കു ജമാഅത്തിനെ ആഗമന ഉദ്ദേശ്യവും മേൽവിലാസവും ബോധ്യപ്പെടുത്തി പ്രവേശിക്കാം. മസ്ജിദിലെ പ്രാർഥനകൾക്കു തടസമില്ലാതെ ശരീരശുദ്ധിയോടെ സന്ദർശനം നടത്താൻ അനുമതിയുള്ളതാണെന്നും ജമാഅത്ത് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം തമിഴ് യുവതികളെ വാളയാറിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാവരുപള്ളിയിൽ കയറാനെന്നു പറഞ്ഞ് എത്തിയതാണ് ഇവരെന്നു പറയുന്നു. കൊഴിഞ്ഞാന്പാറ പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ, ഈ സംഭവത്തിന്റെ മറവിൽ ചിലർ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ജമാഅത്ത് ചൂണ്ടിക്കാട്ടി. സ്ത്രീകൾ പള്ളിയിൽ കയറാൻ വന്നെന്നും ചിലരെ പള്ളിയിൽനിന്നു കസ്റ്റഡിയിൽ എടുത്തെന്നുമൊക്കെ പോലീസ് പറഞ്ഞതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതു വ്യാജപ്രചാരണമാണ്. മതമൈത്രി തകർത്തു ലഹള സൃഷ്ടിക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ജമാഅത്ത് ആരോപിച്ചു.
സംഭവം സംബന്ധിച്ചു ഡിജിപി ഉൾപ്പെടെ ഉന്നത കേന്ദ്രങ്ങൾക്കു പരാതി നൽകുമെന്നും അധികൃതർ അറിയിച്ചു. ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിൽ അയ്യപ്പഭക്തർ സന്ദർശിക്കുന്ന മുസ്ലിം പള്ളിയിൽനിന്നു സ്ത്രീകളെ കസ്റ്റഡിയിൽ എടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എരുമേലി പോലീസും അറിയിച്ചു.