വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിഭൂമിക്ക് മതിയായ വില നിശ്ചയിക്കാൻ പുതിയ കളക്ടറുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്ന ആവശ്യവുമായി ഭൂവുടമകൾ രംഗത്ത്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പ്രദേശത്ത് അഞ്ചുകിലോമീറ്റർ ചുറ്റളവിനുള്ളിൽ സെന്റിന് 30,000 രൂപമുതൽ രണ്ടുലക്ഷത്തി നാല്പത്തിനാലായിരം രൂപവരെ വിലമതിപ്പുണ്ട്.
ഈ വിലകൾക്ക് ഭൂമി രജിസ്ട്രേഷൻ നടന്നതിന്റെ പകർപ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് കർഷക കൂട്ടായ്മ പ്രസിഡന്റ് ജയിംസ് പാറയിൽ പറഞ്ഞു. ഈ ഭൂമി വിലകളുടെ ശരാശരി വിലയാകണം ഭൂമിയുടെ അടിസ്ഥാനവിലയായി നിശ്ചയിക്കേണ്ടതെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഭൂവിനിയോഗ നിയമവ്യവസ്ഥകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഈ രീതിയിൽ നിയമാനുസൃതമായി വില നിശ്ചയിച്ചാൽ ഒരു സെന്റ് ഭൂമിക്ക് രണ്ടുലക്ഷം രൂപയെങ്കിലും വില ലഭിക്കണം.എന്നാൽ അടുത്തിടെ നടന്ന ആധാരങ്ങൾ പരിശോധിക്കാതെ ഏറ്റവും കുറഞ്ഞ വിലയുടെ ആധാരം ചുവടുപിടിച്ച സെന്റിന് 72,000 രൂപ മാത്രം വിലനിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാവില്ല. കഴിഞ്ഞതവണ മാറിപോയ കളക്ടർ വിളിച്ചുകൂട്ടിയ ഭൂവുടമകളുടെ ചർച്ചയും ഇതിനാൽ തന്നെ തീരുമാനം എടുക്കാനാകാതെ പിരിഞ്ഞിരുന്നു.
സെന്റിനു മൂന്നുലക്ഷം രൂപ പ്രകാരം ബാങ്കുകളും കർഷകർക്ക് വായ്പ നല്കിയിട്ടുണ്ട്. ദേശീയപാതയോടു ചേർന്നുകിടക്കുന്ന ഭൂപ്രദേശം എന്ന നിലയിൽ അത്രയും ഉയർന്ന വിലമതിപ്പുള്ള മുന്നൂറ് ഏക്കറിൽപരം ഭൂമിയാണ് വ്യവസായ പാർക്കിനായി സർക്കാർ ഏറ്റെടുക്കുന്നത്. തെങ്ങും കവുങ്ങും വാഴയും കുരുമുളകും റബറുമെല്ലാം നിറഞ്ഞുനില്ക്കുന്ന ഏറെ നീരുറവകളും ഫലഭൂയിഷ്ഠമായ ഒന്നാന്തരം കൃഷിഭൂമിയാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്ത് നശിപ്പിക്കുന്നതെന്ന വാദവുമുണ്ട്.
കണ്ണന്പ്ര ഒന്നാംവില്ലേജിൽ മുപ്പത്തിയാറാം ബ്ലോക്കിൽപെടുന്ന ഭൂമിയാണ് ഇതെല്ലാം. ഭൂമിവില സംബന്ധിച്ച് അവ്യക്തത നിലനില്ക്കുന്നത് ഭൂവുടമകളെയും ബുദ്ധിമുട്ടിക്കുകയാണ്. വിലനല്കി ഭൂമി ഏറ്റെടുക്കാതെ രണ്ടുവർഷമായി ഭൂമിയിലെ കൃഷികളെല്ലാം മരവിപ്പിച്ച നിലയിലാണിപ്പോൾ.
ഭൂമിയിൽ പുതിയ വിളകൾ കൃഷി ചെയ്യാനോ ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനോ ഭൂമിവില്ക്കാനോ കഴിയാതെ കർഷകർ വൻകുടുക്കിലാണ്. ഒരുവർഷംമുന്പ് ആരംഭിച്ച മൂല്യനിർണയം ഇപ്പോഴും തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്.