ന്യൂഡൽഹി: ചില്ലറവിലപ്രകാരമുള്ള പണപ്പെരുപ്പം ഇരട്ടിയിലേറെയായി. വ്യവസായവളർച്ച സൂചികയിൽ നല്ല ഉയർച്ച ഉണ്ടെങ്കിലും തലേമാസത്തെ അപേക്ഷിച്ചു നേട്ടം കുറവായി.ചില്ലറവില ആധാരമായുള്ള പണപ്പെരുപ്പനിരക്ക് (സിപിഐ) മേയിൽ 4.87 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം മേയിൽ 2.18 ശതമാനമായിരുന്നിടത്തുനിന്നാണ് ഈ ഇരട്ടിപ്പ്. എന്നാൽ തലേമാസമായ ഏപ്രിലിലെ 4.58 ശതമാനത്തെ അപേക്ഷിച്ച് വർധന ചെറുതാണ്. മേയ് മാസത്തിലെ ഭക്ഷ്യവിലക്കയറ്റം 3.1 ശതമാനത്തിലേക്കുയർന്നു.
ഇന്ധനം, വെളിച്ചം എന്നിവയുടെ വിലക്കയറ്റം 5.80 ശതമാനമായി. പാർപ്പിടമേഖലയിൽ 8.40 ശതമാനമാണു കയറ്റം. ആരോഗ്യം 5.84 ശതമാനം, ഗതാഗതം 5.31 ശതമാനം, വിദ്യാഭ്യാസം 5.42 ശതമാനം എന്നിങ്ങനെ കൂടി.
ഏപ്രിലിലെ വ്യവസായ ഉത്പാദനസൂചിക (ഐഐപി) അനുസരിച്ചുള്ള വ്യവസായവളർച്ച 4.9 ശതമാനമാണ്. തലേവർഷം ഇതേ മാസം 3.2 ശതമാനമായിരുന്നു. എന്നാൽ മാർച്ചിലെ വളർച്ച 4.6 ശതമാനമായിരുന്നു. ഖനനം 5.1 ശതമാനം, ഫാക്ടറി ഉത്പാദനം 5.2 ശതമാനം, വൈദ്യുതി 2.1 ശതമാനം എന്ന തോതിൽ വളർന്നു. മാർച്ചിൽ വൈദ്യുതി ഉത്പാദനം 5.9 ശതമാനം വളർന്നതായിരുന്നു.
പഞ്ചസാര ഉത്പാദനം 157 ശതമാനവും വാണിജ്യവാഹന ഉത്പാദനം 94 ശതമാനവും കൺസ്ട്രക്ഷൻ ഉപകരണ നിർമാണം 110 ശതമാനവും പോളിമർ ഉത്പാദനം 26 ശതമാനവും വർധിച്ചു. സ്വർണാഭരണ നിർമാണത്തിൽ 75 ശതമാനം കുറവുണ്ടായി. ടെലിഫോൺ, മൊബൈൽ എന്നിവയിൽ 38.4 ശതമാനവും പത്രക്കടലാസ് ഒഴിച്ചുള്ള കടലാസ് നിർമാണം 37.8 ശതമാനവും പ്ലാസ്റ്റിക് ചാക്ക് നിർമാണം 37.6 ശതമാനവും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമാണം 20.6 ശതമാനവും കുറഞ്ഞു.