ഗാന്ധിനഗർ: പാന്പു കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങി.
ഇന്നലെ ഐസിയു യൂണിറ്റിൽ ഡോക്്ടർമാർ വാവാ സുരേഷിനെ നടത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ട്യൂബ് വഴിയാണ് ഭക്ഷണം നൽകിയിരുന്നതെങ്കിൽ ഇന്നു രാവിലെ വായിലൂടെ വെള്ളം കൊടുത്തു.
ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും വാവാ സുരേഷിന്റെ ആരോഗ്യ പുരോഗതിയിൽ അതിയായ സന്തോഷത്തിലാണ്.
വെന്റിലേറ്ററിൽ നിന്ന് പുറത്തിറക്കിയ വാവ സുരേഷിനെ കഴിഞ്ഞ ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണുതുറക്കുകയും ഡോക്ടർമാരുമായും മറ്റ് ആരോഗ്യ പ്രവർത്തകരുമായും സംസാരിക്കുകയും ചെയ്തു.
വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ ആശങ്കാകുലരായി നിരവധി ആളുകളാണ് നിരന്തരം മെഡിക്കൽ കോളജുമായി ബന്ധപ്പെടുന്നത്.
അതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് അധികൃതർ ദിവസവും വാവാ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുന്നുണ്ട്.
ഐസിയുവിൽ കഴിയുന്ന വാവാ സുരേഷിനെ വാർഡിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ.
ശരീരത്തിൽ പ്രവേശിച്ച മൂർഖൻ പാന്പിന്റെ വിഷം രക്തത്തിൽ കലർന്ന് തലച്ചോറു വരെ എത്തിയിരുന്നു.
പ്രഥമ ശുശ്രൂഷയിൽ തന്നെ ആന്റിവെനം നൽകി അതു നിർവീര്യമാക്കി. പാന്പിന്റെ കടിയേറ്റ ഭാഗത്തു പടർന്ന വിഷാംശം വീണ്ടും രക്തത്തിലൂടെ കലർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താതിരിക്കുന്നതിനായി രണ്ടാം തവണയും വാവാ സുരേഷിനു ആന്റി വെനം നൽകിയിരുന്നു.
തലച്ചോറിന്റെ പ്രവർത്തനം 58 ശതമാനമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബാക്കി ഭാഗംകൂടി പ്രവർത്തന സജ്ജമാക്കാനുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.
ആരോഗ്യനില മെച്ചമായ പ്പോഴും ഒരു ഘട്ടത്തിൽ അബോധാവസ്ഥയിലേക്കെത്തുന്ന സ്ഥിതിയുമുണ്ടായി.
ഇന്നലെ പുലർച്ചയോടെ മെച്ചപ്പെട്ട ആരോഗ്യനിലയിലേക്ക് വീണ്ടും എത്തിച്ചേർന്നു.
കണ്ണുതുറന്ന് സംസാരിച്ചതിനൊപ്പം ഹൃദയത്തിന്റെയും ആന്തരികാവയവങ്ങളുടെയുമെല്ലാം പ്രവർത്തനവും സാധാരണ നിലയിലേക്കെത്തിയതായി ആധികൃതർ പറഞ്ഞു.
ജനുവരി 31ന് വൈകുന്നേരം 4.30ന് കോട്ടയം കുറിച്ചിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന് പാന്പിനെ പിടികൂടുന്നതിനിടെയിലാണ് വാവാ സുരേഷിനു പാന്പ് കടിയേൽക്കുന്നത്.
വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാന്പ് തന്നെയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം അദ്ദേഹം തിരിച്ചു വരുകയും ചെയ്തിരുന്നു.