കുന്നത്തൂർ:താറാവുകൾക്ക് മുട്ടയിടാനായി തയാറാക്കിയിരുന്ന കൂട്ടിലെ വലയിൽ കുരുങ്ങിയ കരിമൂർഖന് വാവാ സുരേഷ് രക്ഷകനായി.കുന്നത്തൂർ കിഴക്ക് അജ്ഞനത്തിൽ മനോജിന്റെ വീട്ടിലായിരുന്നു സംഭവം. മുറ്റത്ത് തെക്കുഭാഗത്തായി താറാവുകൾക്ക് മുട്ടയിടാനായി കെട്ടിയ കൂട്ടിലെ വലയിലാണ് പാമ്പ് കുടുങ്ങിയത്.
തലേ ദിവസം രാത്രിയോടെ താറാവുകളുടെ മുട്ട ഭക്ഷിച്ച ശേഷം മടങ്ങവേയാണ് വലയിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്.സംഭവം അറിഞ്ഞ് നൂറുകണക്കിനാളുകളാണ് അജ്ഞനത്തിലേക്ക് ഒഴുകിയെത്തിയത്.വിവരം അറിയിച്ചതിനെ തുടർന്ന് വാവാ സുരേഷും സ്ഥലത്തെത്തി.
പിന്നീട് കത്രിക ഉപയോഗിച്ച് വല അറുത്തുമാറ്റി പാമ്പിനെ സുരേഷ് പുറത്തെടുക്കുകയായിരുന്നു.പാമ്പ് വലയിൽ കുടുങ്ങിയത് 15 മണിക്കൂറോളമാണ്.തുടർന്ന് വാവാ സുരേഷ് പാമ്പിനെ പൊതു ജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും വിശദീകരണം നടത്തുകയും ചെയ്തു.ഏകദേശം 8 അടിയോളം നീളമുള്ള പാമ്പിന് 6 വയസ് പ്രായമാണുള്ളത്.