മെഡിക്കൽ കോളജ് (തിരുവനന്തപുരം): പാമ്പു കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ.
എന്നാൽ അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂർണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂർ കഴിഞ്ഞു മാത്രമേ വ്യക്തത ഉറപ്പു വരുത്താനാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രക്ത അണലിയുടെ കടിയാണ് വാവ സുരേഷിന് ഏറ്റത്. കൊല്ലം പത്തനാപുരത്ത് ആയിരുന്നു സംഭവം.
പാമ്പിനെ പിടിച്ചശേഷം അത് പൊതുജനങ്ങൾക്കായി വീണ്ടും പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു ഇത്.
മുമ്പ് വാവ സുരേഷിന് പാമ്പ്കടിയേറ്റപ്പോൾ വീണ്ടും കടിയേൽക്കുന്നത് ജീവൻ അപകടത്തിലാക്കും എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.