കുമരകം: ആൾത്താമസം ഇല്ലാത്ത വീട്ടിൽനിന്നും വാവാ സുരേഷ് മൂന്നു മൂർഖനെയും 16 കുഞ്ഞുങ്ങളേയും പിടികൂടി. പഞ്ചായത്തിൽ ഇടവട്ടം പാടശേഖരത്തിലെ തുരുത്തിലെ വീട്ടിൽ നിന്നുമാണ് ഇവയെ പിടികൂടിയത്.
വീട്ടുടമ പരുത്തിക്കളത്തിൽ സുഗുണനും കുടുംബവും 15 വർഷത്തിലേറെയായി മണർകാട് എരുമപ്പെട്ടിയിലാണ് താമസം.
ഈ തുരുത്തിൽ തന്നെ താമസിക്കുന്ന സനീഷും തുണ്ടിപ്പറന്പിൽ സിൽ ജോണ്‍സണും മത്സ്യത്തൊഴിലാളികളാണ് . വെള്ളിയാഴ്ച വൈകുന്നേരം ആൾ പാർപ്പില്ലാത്ത വീടിന്റെ തറയിലെ പൊത്തിലേക്ക് മൂർഖൻ കയറുന്നതു ശ്രദ്ധയിൽ പെട്ടു .
തുടർന്നിവർ നടത്തിയ തെരച്ചിലിൽ കൂടുതൽ പൊത്തുകളുണ്ടെന്നും കൂടുതൽ മൂർഖനുകളിവിടെ ഉണ്ടെന്നും മനസിലാക്കിയതിനെ തുടർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.
രാത്രി എട്ടോടെ വാവാ സുരേഷ് രണ്ടു സഹായികൾക്കൊപ്പം എത്തി നാലര മണിക്കുർകൊണ്ടു വീടിനുള്ളിൽ നിന്നും മൂന്ന് മൂർഖൻ പാന്പുകളേയും 16 കുഞ്ഞുങ്ങളേയും പിടികൂടി ചാക്കിലാക്കി.
3 0 മുട്ടകൾ വിരിഞ്ഞിട്ടുണ്ടെന്നും ബാക്കി കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു പോയിട്ടുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.