കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്ത് കർക്കടക ബാവുബലി തർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശ്രീനാരായണ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങുകൾ നടത്തുന്നത്.തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖര സ്വാമി കർമങ്ങൾക്ക് നേതൃത്വം നൽകും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 20 തന്ത്രിമാരും പങ്കെടുക്കും. തിലഹവനം നടത്തുന്നതിന് പ്രത്യേക പന്തലും തന്ത്രിമാരും ഉണ്ടാകും.
പിതൃക്കളെ സ്മരക്കൂ, വൃക്ഷത്തൈ നടൂ എന്ന സന്ദേശത്തിന്റെ ഭാഗമായി ബലിതർപ്പണത്തിന് എത്തുന്നവർക്ക് വനം വകുപ്പ് പതിനായിരം വൃക്ഷത്തൈകൾ സൗജന്യമായി നൽകും. ഇതുകൂടാതെ തുന്പറ മഹാദേവി ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റിയുടെ വകയായി ഭക്തർക്ക് സൗജന്യമായി ഔഷധ കാപ്പിയും വിതരണം ചെയ്യും.
ബലിതർപ്പണത്തിന് എത്തുന്നവർ കടലിൽ മുങ്ങിക്കുളിക്കുന്നതിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.ശുദ്ധജലത്തിൽ കുളിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിയുടെ സേവനവും ലഭ്യമാക്കും. ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനവും ഉണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകളും നടത്തും.
ഭക്തജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അടക്കം ലഭ്യമാകുന്ന വ്യാപാര വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. 31ന് രാവിലെ നാലിന് ആരംഭിക്കുന്ന ബലിതർപ്പണം വൈകുന്നേരം നാലിന് സമാപിക്കുമെന്ന് മുഖ്യരക്ഷാധികാരികളായ എൽ.പ്രകാശും ജി.കെ.കൊച്ചുണ്ണിയും അറിയിച്ചു.ല്ലം കല്ലടയാറിന്റെ തീരത്തെ പുത്തൂർ പാങ്ങോട് താഴം തിരുആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ വാവുബലി തർപ്പണം 31ന് രാവിലെ നാലിന് ആരംഭിക്കും.
ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.അരവിന്ദാക്ഷൻ നായർ, കെ.പി.ഗോപിനാഥപിള്ള, മോഹനൻ സി.പിള്ള എന്നിവർ അറിയിച്ചു.ഒരേ സമയം ആയിരം പേർക്ക് ബലിതർപ്പണത്തിനും ക്ഷേത്രത്തിൽ തിലഹവനവും നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബലി തർപ്പണം ശ്രീശൈലം നാരായണൻ നന്പൂതിരിയുടെ കാർമികത്വത്തിലും തിലഹവനം ക്ഷേത്രം തന്ത്രി വാസുദേവര് സോമയാജിപ്പാടിന്റെ മുഖ്യകാർമികത്വത്തിലും നടക്കും.
രാവിലെ ആറുമുതൽ ഭക്തർക്ക് അന്നദാനവും കുടിവെള്ള വിതരണവും നടത്തും. പോലീസ്, ആരോഗ്യ വകുപ്പ്, ആംബുലൻസ് സേവനം ഉൾപ്പെടെയുള്ളവ ഏർപ്പാടാക്കിയിട്ടുണ്ട്. ബലിതർപ്പണത്തിനുള്ള കൂപ്പണുകൾ ക്ഷേത്രത്തിൽ നിന്ന് വിതരണം തുടങ്ങി. ഫോൺ-04742416065, 8547867198.
കൊല്ലം അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലി 31ന് രാവിലെ നാലുമുതൽ വൈകുന്നേരം ആറുവരെ നടക്കും. വന്മള പി.വി.വിശ്വനാഥൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. തിലഹോമം അടക്കമുള്ള പൂജകൾക്ക് ശാന്തിമാരായ സുകുമാരൻ, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കും. അന്ന് രാവിലെ അഞ്ചുമുതൽ കൊല്ലം, കുണ്ടറ, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും.