പനമരം: വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വാകേരി മൂടക്കൊല്ലി ആനകുഴിയിൽ നിർമാണം നടക്കുന്ന റിസോർട്ട് കെട്ടിടത്തിനുള്ളിലാണ് 25ളം വവ്വാലുകളെ ചത്ത നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ ഇവയെ കുഴിച്ചു മൂടി. വവ്വാലുകൾ ചത്തൊടുങ്ങിയതിന്റെ കാരണം പോലും അന്വേഷിക്കാതെ ഒരു പരിശോധനയും നടത്താതെ വവ്വാലുകളെ അവിടെ തന്നെ കുഴിച്ചുമൂടിയതിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
മൂടക്കൊല്ലി ആനകുഴി വനാതിർത്തിയിൽ നിർമ്മാണം പാതിവഴിയിൽ നിലച്ച കെട്ടിടത്തിന്റെ കോണിയുടെ ഇരുണ്ട മുറിക്കുള്ളിലാണ് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കുട്ടത്തോടെ വവ്വാലുകൾ ചത്തത് എന്ത് കാരണത്താലാണന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ കെട്ടിടത്തിനുള്ളിൽ ഇനിയും അഞ്ചോളം വവ്വാലുകൾ തൂങ്ങി കിടപ്പുണ്ട്.
ഇവയും ഏത് സമയവും ചത്ത് വീഴാം എന്ന അവസ്ഥയിലാണ്. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി ചത്ത വവ്വാലുകളെ അണുവിമുക്തമാക്കിയതിന് ശേഷം അവിടെ തന്നെ കുഴിച്ചുമൂടിയതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. പരിശോധന നടത്താൻ സാന്പിളുകൾ പോലും എടുത്തിട്ടില്ലന്ന് പ്രദേശവാസികൾ പറഞ്ഞു.
നിപ്പ വൈറസ് ബാധ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലങ്കിലും നിപ്പ വൈറസ് പരത്തിയത് വവ്വാലുകൾ ആണന്ന തെളിയിക്കപെട്ടതിന് ശേഷമാണ് മുടക്കൊല്ലിയിൽ ഇത്തരത്തിൽ കുട്ടത്തോടെ ചത്ത് വീണത്. അവശേഷിക്കുന്ന വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയച്ച് നാട്ടുകാരുടെ ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.