ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ആറുപേര്‍ പിടിയിൽ.
പാണവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തലക്കാരായ അൻസിൽ, സുനീർ എന്നിവരാണ് കസ്റ്റഡിയിലായത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായത്. കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്ണയാണ് കൊല്ലപ്പെട്ടത്.
എസ്ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങളുടേയും പ്രകടനത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്.
ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ കൃഷ്ണ ആശുപത്രിയിൽ എത്തുംമുൻപ് മരിച്ചു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴയിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. വയലാര്‍ മേഖലയില്‍ പൊലിസ് സുരക്ഷ വർധിപ്പിച്ചു.