ചേര്‍ത്തല: എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരന് എന്നിവര്‍ വയലാറിലെത്തി. ഇന്നു രാവിലെ പത്തോടെ കേന്ദ്രമന്ത്രിമാര്‍ തട്ടാംപറമ്പ് വീട്ടിലെത്തി നന്ദുവിന്റെ മാതാപിതാക്കളായ രാധാകൃഷ്ണനെയും അമ്മ രാജേശ്വരിയെയും ആശ്വസിപ്പിച്ചു.
സങ്കടം സഹിക്ക വയ്യാതെ വിതുമ്പിയ കുടുംബാംഗങ്ങളോടു കൂടെയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രിമാർ ഉറപ്പുനല്‍കി.
ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമന്, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വിനീദേവ്, ജില്ലാ സെക്രട്ടറിമാരായ ടി. സജീവ് ലാല്‍, വിമല്‍ രവീന്ദ്രന്, ശ്രീദേവി വിപിന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, ആര്‍എസ്എസ് സഹപ്രാന്ത ശാരീരിക് പ്രമുഖ് സജീവ്കുമാര്‍, ഹെഡ്ഗേവാര്‍ ട്രസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ. രാജീവ്, അജിത്ത് പിഷാരത്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
24ന് രാത്രി എട്ടോടെ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്ഷത്തിനിടെയിലാണ് നാഗംകുളങ്ങര സ്വദേശി നന്ദുകൃഷ്ണ വെട്ടേറ്റു മരിച്ചത്. മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനായ കെ.എസ്.നന്ദു (23) നും വെട്ടേറ്റിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് ചേര്‍ത്തലയിലും വയലാറിലും ചേര്‍ത്തല തെക്കിലുമായി നിരവധി ആക്രമണങ്ങളും അരങ്ങേറി. സംഭവുമായി ബന്ധപ്പെട്ട് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.25 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ എട്ടുപേരുള്‍പ്പെടെ സംഭവത്തിലുള്‍പ്പെട്ട 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. വ്യാപാര സ്ഥാപനങ്ങൾ ആക്രമിച്ചവർക്കെതിരേയും കേസുണ്ട്.