ചേർത്തല: ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപിയും ഹൈന്ദവ സംഘടനകളും ആലപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ടു ആറുവരെ ഹർത്താൽ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
പിഎസ്സി പരീക്ഷകൾ നടക്കുന്നതിനാൽ വാഹനങ്ങൾ തടയില്ലെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം, സംഭവസമയത്തു പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം എസ്ഡിപിഐയും ആര്‍എസ്എസും നാഗംകുളങ്ങരയില്‍ പ്രകടനം നടത്തിയിരുന്നു. ഈ സമയം രണ്ടു ജീപ്പ് പോലീസ് സംഘവും ഉണ്ടായിരുന്നു. പോലീസ് കാവലില്‍ നടന്ന പ്രകടനങ്ങള്‍ സമാപിച്ചതിനു ശേഷം പ്രവര്‍ത്തകര്‍ പിരിയുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്.
പുറത്തുനിന്നു മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആർഎസ്എസ് പ്രവർത്തകരുടെ പരാതി. സ്ഥലത്തു പോലീസ് സംഘം ഉണ്ടായിട്ടും ഇതു തടയാന്‍ കഴിയാതിരുന്നതു പോലീസിനു നാണക്കേടുണ്ടാക്കി.
പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.