സ്നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും,
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍
മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും
എന്ന് പാടിയ ജനകീയ വിപ്ലവ കവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളിയുടെ പ്രിയപ്പെട്ട കവിയും സിനിമാഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ വിടപറഞ്ഞിട്ട് 49 വർഷം. മലയാളത്തിന് സിനിമാനാടകഗാനങ്ങളുടെ അന്തമില്ലാത്ത ഒരു വസന്തകാലം സംഭാവന ചെയ്ത കവിയും ഗാന രചയിതാവുമായിരുന്നു വയലാര്‍ രാമവര്‍മ.
അദ്ദേഹത്തിന്റെ ഗാനങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതികളോട് കലഹിക്കാന്‍ തക്ക തരത്തില്‍ സാധാരണക്കാരന്റെ കാതുകളിലൂടെ അവന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സാധാരണക്കാരന് ലഭ്യമായിരുന്ന വിനോദ ഉപാധികളായിരുന്നു സിനിമയും നാടകവും.
സിനിമയ്ക്കും നാടകത്തിനുമായി അദ്ദേഹം എഴുതിയ ഗാനങ്ങള്‍ ഇന്നും മലയാള മനസില്‍ തങ്ങിനില്ക്കുന്നു. ഒരു കാലത്ത് മലയാള സിനിമയെയും നാടകത്തെയും മുന്നോട്ടുനയിച്ചിരുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളായിരുന്നു. വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍-ബാബുരാജ് ടീം മലയാളിക്ക് നല്കിയ സംഗീത മാധുരി പകരം വയ്ക്കാനില്ലാത്തതാണ്.
മലയാളത്തിലെ പ്രസിദ്ധമായ സിനിമാ ഗാനങ്ങള്‍ എടുത്താല്‍ അവയില്‍ ഭൂരിപക്ഷവും വയലാറിന്റേതായിരിക്കും. വയലാര്‍ രാമവര്‍മ ജീവിച്ചിരുന്നത് കേവലം 47 വര്‍ഷങ്ങളായിരുന്നു എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് അര നൂറ്റാണ്ടെത്തിയിട്ടും അദ്ദേഹത്തിന്റെ രചനകള്‍ക്കു പകരം വയ്ക്കാന്‍ പുതിയത് രൂപപ്പെട്ടിട്ടില്ല.
1928 മാര്‍ച്ച് 25ന് ആലപ്പുഴയിലെ വയലാറില്‍ ജനിച്ച രാമവര്‍മ അക്കാലഘട്ടത്തിലെ സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥിതികളും തുടര്‍ന്നുവന്ന സ്ഥിതിഗതികളും മൂലം പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
തന്റെ നാട്ടില്‍ വേരോടിയിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് ആഭിമുഖ്യം തോന്നി. കേരളത്തില്‍ നിലനിന്നിരുന്ന ജന്മി കുടിയാന് വ്യവസ്ഥിതിക്കും നിയമപരമായി നിരോധിച്ചിരുന്നെങ്കിലും, നിലനിന്നിരുന്ന ജാതിവിവേചനങ്ങള്ക്കുമെതിരേ തന്റെ തൂലിക ചലിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഒരു പ്രസ്ഥാനത്തോടും അന്ധമായി അടിയറവ് പറഞ്ഞിരുന്നില്ല എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ചൈനാവിരുദ്ധ കവിത.
1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ താന്‍ മുന്‍പ് എഴുതിയ മധുര മനോഹര മനോജ്ഞ ചൈന എന്നത് ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ എന്ന് മാറ്റിയെഴുതി പാടാനുള്ള ചങ്കൂറ്റവും ദേശസ്നേഹവും അദ്ദേഹം പ്രകടമാക്കി. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ വിഭജനകാലത്ത് ഭാരതത്തിന്റെ ആത്മാവിനെ വെട്ടിമുറിച്ച് പാക്കിസ്ഥാന് രൂപീകരിച്ചപ്പോള്‍ അദ്ദേഹം എഴുതിയ പാദമുദ്ര എന്ന കവിതാ സമാഹാരത്തില്‍ ഇങ്ങനെ കുറിക്കുന്നു.
കരയുന്നില്ലേ നിങ്ങളിന്ത്യ തന്
കരള്വെട്ടി കുരുതിക്കളം തീര്‍ത്ത
കണ്ണിരിന് കഥ കേള്‍ക്കേ – എന്ന്.
ദേശ സ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും വരികള്‍ എഴുതിയ അദ്ദേഹം ചങ്ങമ്പുഴയ്ക്കു ശേഷം മലയാളം കണ്ട ഏറ്റവും സര്‍ഗധനനായ കവിയെന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് പറഞ്ഞിട്ടുള്ളത്. 1957ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനായി ചിട്ടപ്പെടുത്തിയ ബലികുടീരങ്ങളേ…. എന്ന ഗാനം 67 വര്‍ഷങ്ങള്‍ക്കു ശേഷവും ഇടതു രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ ഉണര്ത്തുപാട്ടയി നിലനില്ക്കുന്നു.
കുട്ടിക്കാലത്ത് കുടുംബ സദസുകളില്‍ ചെറു കവിതകളുമായി കവിതാ ലോകത്ത് ചുവടുവച്ച വയലാര്‍, പിതാവിന്റെ വേര്‍പാടിന്റെ വേദനയില്‍നിന്ന് രൂപപ്പെട്ട ആത്മാവില്‍ ഒരു ചിത എന്ന കവിത മുതല്‍ 1300ൽ അധികം സിനിമാ-നാടകഗാനങ്ങളാണ് 47 വര്‍ഷങ്ങള്‍കൊണ്ട് മലയാളിക്ക് സമ്മാനിച്ച് കടന്നു പോയത്.
സന്യാസിനീ നിന് പുണ്യാശ്രമത്തില്‍…, സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന….
കടലിനക്കരെ പോണോരേ…., പാരിജാതം തിരുമിഴി തുറന്നു…. തുടങ്ങി സുന്ദരമായ ചലച്ചിത്രഗാനങ്ങള്കൊണ്ട് മലയാളീയെ പാട്ടിന്റെ പറുദീസയിലേയ്ക്ക് എത്തിച്ച വയലാര്‍ 1956ല്‍ കൂടപ്പിറപ്പ് എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യ ഗാനം എഴുതിയത്. പാമ്പുകള്‍ക്ക് മാളമുണ്ട്…, നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍…, തലയ്ക്കു മീതേ ശൂന്യാകാശം… തുടങ്ങിയ നാടകഗാനങ്ങള്‍ ഇന്നും പുതുമയോടെ നാടക ലോകത്തും ആസ്വാദക ഹൃദയത്തിലും സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു.
ഇടവേള മാത്രമായ ഒരു മനുഷ്യായുസില്‍ പരസ്പരം സ്നേഹിക്കുന്നതില്‍ കവിഞ്ഞ് മറ്റൊന്നും സമ്പാദ്യമാക്കാനാവില്ല എന്ന ദര്‍ശനമായിരുന്നു കവിയുടേത്. വിപ്ലവാശയങ്ങള്‍ നല്ലതെന്ന് കരുതി കൂടെ കൂടിയപ്പോഴും അവ പാവപ്പെട്ടവന്റെയും അടിസ്ഥാന വര്‍ഗത്തിന്റെയും കണ്ണീരൊപ്പാനാവുന്നില്ലെങ്കില് ആ ആശയങ്ങളെ സ്നേഹിക്കാനാവില്ല എന്ന് പ്രസ്താവിക്കാനും അതിനനുസരിച്ച് മാറാനും കവിക്ക് മടിയുണ്ടായില്ല.
1975 ഒക്ടോബര്‍ 27ന് 47-ാം വയസില്‍ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്ന് കടന്നു പോകുമ്പോള്‍ മികച്ച ചലച്ചിത്ര ഗാനരചനക്കുള്ള ഒരു ദേശീയ അവാര്‍ഡും നാല് സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 1961ല്‍ മികച്ച കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് നല്‍കിയിരുന്നു.
വയലാറിന്റെ അപ്രതീക്ഷിത വേര്‍പാട് മലയാള ചലച്ചിത്ര-നാടകഗാന മേഖലയ്ക്ക് വരുത്തിയ നഷ്ടം ഗണിക്കാനാവാത്തതാണ്. നെരൂദയുടെ വാക്കുകള്‍ കടമെടുത്താല്‍ നിങ്ങള്‍ക്ക് എല്ലാ പൂവുകളെയും ഇറുത്ത് കളയാനായേക്കും, പക്ഷേ വസന്തത്തിന്റെ വരവ് തടയാനാകില്ലല്ലോ? അതെ വയലാര്‍ എന്ന പൂവ് മാത്രമാണ് ഇറുത്ത് എടുക്കപ്പെട്ടത്. അദ്ദേഹം കൊണ്ടുവന്ന വസന്തം ഇവിടെ ബാക്കിയാണ്. ആര്‍ക്കും ഇല്ലായ്മ ചെയ്യാനാവാതെ, ഒരു മരണത്തിനും കവര്ന്നെടുക്കാനാവാതെ, വേര്‍പാടിന്റെ 50-ാം വര്‍ഷത്തിലേക്കു കടക്കുമ്പോഴും.