തളിപ്പറമ്പ്: കീഴാറ്റൂര്‍ വയലില്‍ വീണ്ടും സമരം വിളയും. അന്തിമ വിജ്ഞാപനം വന്നതോടെ കീഴാറ്റൂരില്‍ വയല്‍ കിളികളും ഐക്യദാര്‍ഡ്യ സമിതിയും സമരരംഗത്തിറങ്ങും. ഇന്നലെ രാത്രി ചേര്‍ന്ന വയല്‍ കിളികളുടെയും ഐക്യദാര്‍ഡ്യ സമിതിയുടേയും അനൗപചാരിക യോഗത്തിലാണ് തീരുമാനം.
രണ്ട് ദിവസത്തിനകം ഐക്യദാരസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് സമരം ഏത് രീതിയിലാവണമെന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തും. നിരാഹാര സമരം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് ഐക്യദാര്‍ഡ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു.
ശരിയായ ദിശയില്‍ മുന്നോട്ട് നീങ്ങിയ വയല്‍ക്കിളി സമരം പിന്തുണയുമായുള്ള ബിജെപിയുടെ രംഗപ്രവേശനത്തോടെയാണ് കരുത്ത് നഷ്ടപ്പെട്ടനിലയിലായതെന്ന് വിമര്‍ശനമുയര്‍ന്നു. സമരത്തിന്റെ ഊര്‍ജവും നിശ്ചയദാര്‍ഢ്യവും ചോര്‍ന്നുപോയത് ബിജെപി പിന്തുണയോടെയാണെന്ന് യോഗം വിലയിരുത്തി.
ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെ കേരളത്തില്‍ വളരെ വിപുലമായ ഒരു പരിസ്ഥിതി സമരം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം ബിജെപിയുടെ ഇടപെടലോടെയാണ് ഇല്ലാതായത്. അത്തരത്തിലുള്ള സമരത്തിന് വീണ്ടും പ്രസക്തിയുണ്ടെന്ന നിലപാടാണ് ഐക്യദാര്‍ഡ്യസമിതി പ്രവര്‍ത്തകര്‍ ഇന്നലത്തെ യോഗത്തില്‍ മുന്നോട്ടുവെച്ചത്.
സമരം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് യോഗം പിരിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിമുടി ഉലച്ചുകളഞ്ഞ ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കീഴാറ്റൂര്‍ ഷോക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഇന്നലെ തന്നെ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിന് ഇനിയും സാധ്യതയുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ബിജെപി വടക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരന് പറഞ്ഞു.
വയല്‍ക്കിളി സംഘം ഡല്‍ഹിയില്‍ ചെന്ന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരി തന്നെ പ്രഖ്യാപിച്ച വിദഗ്ധസമിതിയുടെ പരിശോധന പോലും കീഴാറ്റൂരില്‍ നടത്താന്‍ സാധിക്കാതെ പോയത് പാര്‍ട്ടിയുടെ വലിയ വീഴ്ചയായിട്ട് തന്നെയാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.