തളിപ്പറമ്പ്: മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് വരുന്നു. ഇന്നലെ നടന്ന കേരളം കീഴാറ്റൂരിലേക്ക് എന്ന മൂന്നാംഘട്ടസമരം വന്‍വിജയമായ പശ്ചാത്തലത്തിലാണ് ഹൈവേ ഇരകളുടെ ലോംഗ് മാര്‍ച്ച് വരുന്നത്.
എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ ഇതേവരെ വ്യക്തത കൈവന്നിട്ടില്ലെന്നും അതിന് ഒരാഴ്ച്ചക്കാലം വയല്‍ക്കിളികള്‍ കാത്തുനില്ക്കുമെന്നും കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യസമിതി കണ്‍വീനര്‍ നോബിള്‍ പൈകട പറഞ്ഞു. കീഴാറ്റൂര്‍ വയലിലൂടെ എലവേറ്റഡ് ഹൈവേ എന്ന നിര്‍ദ്ദേശം വയല്‍ക്കിളികള്‍ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്.
പുതിയ അലൈന്മെന്റ് പ്രഖ്യാപിക്കാത്തപക്ഷം കേരളത്തില്‍ ഹൈവേ വികസനത്തിന്റെ ഇരകളായിത്തീര്‍ന്ന മുഴുവന്‍ ജനങ്ങളേയും അണിനിരത്തിക്കൊണ്ടുള്ള വന്‍ ബഹുജനമാര്‍ച്ച് കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നടത്താനാണ് ഐക്യദാര്‍ഡ്യ സമിതി തീരുമാനിച്ചിരിക്കുന്നതെന്ന് നോബിള്‍ പൈകട പറഞ്ഞു. വിഷുവിന് ശേഷമായിരിക്കും മാര്‍ച്ച് നടത്തുക.
ഇന്നലെ നടന്ന സമരം വയല്‍ക്കിളികള്‍ക്ക് പകര്‍ന്നിരിക്കുന്ന ആവേശം കൂടുതല്‍ ശക്തമായ സമരങ്ങൾ നടത്താനുള്ള കരുത്ത് പകര്‍ന്നിട്ടുണ്ടെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 2000 പേരുടെ മാര്‍ച്ചാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ തകിടംമറിച്ച് നാലായിരത്തിലേറെ ആളുകളാണ് കീഴാറ്റൂര്‍ വയലിലേക്ക് ഒഴുകിയെത്തിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നുള്ള 1500 ലേറെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മാത്രം മാര്‍ച്ചില്‍ അണിചേരാനെത്തി.
ഇത് കൂടാതെ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളും എത്തിച്ചേര്‍ന്നു. സിപിഎമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തുകൊണ്ടുള്ള ജനസഞ്ചയമാണ് കീഴാറ്റൂരിലേക്ക് ഒഴുകിയെത്തിയത്. പാര്‍ട്ടി അണികളിലും ഇത് വലിയതോതില്‍ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സമരം കൂടുതല്‍ കരുത്തോടെ നടത്താനുള്ള തയാറെടുപ്പിലാണ് വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരും.