തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസിന് കീഴാറ്റൂരിലെ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം വയല്‍ക്കിളികള്‍ക്കെതിരെ പോലീസ് എടുത്ത കേസ് നേരിടാന്‍ പിച്ചതെണ്ടല്‍ സമരം നടത്താന്‍ ഇന്നലെ ചേര്‍ന്ന വയല്‍ക്കിളികളുടേയും ഐക്യദാര്‍ഡ്യ സമിതിയുടേയും യോഗം തീരുമാനിച്ചു.
49 വയല്ക്കിളിസമരക്കാരുടേയും ഏഴ് ഐക്യദാര്‍ഡ്യ സമിതി പ്രവര്‍ത്തകരുടേയും പേരിലാണ് പോലീസ് കേസെടുത്തത്. റവന്യൂജീവനക്കാരെ തടയല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 186 റെഡ്വിത്ത്, 149 വകുപ്പുകളനുസരിച്ചാണ് കേസ്.
മാര്‍ച്ച് 14 ന് നടന്ന സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകള്‍ മണ്ണെണ്ണ നിറച്ച കുപ്പികളുയര്ത്തി ആത്മഹത്യാഭീഷണിയും മുഴക്കിയിരുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജൂലൈ മൂന്നിന് ഹാജരാവാന്‍ സമരക്കാര്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. കേസ് നടത്തിപ്പിന് വേണ്ടി പണം സ്വരൂപിക്കാന്‍ തളിപ്പറമ്പ് ടൗണില്‍ പിച്ചതെണ്ടല്‍ സമരം നടത്തി ജനകീയ ശ്രദ്ധക്ഷണിക്കാനാണ് തീരുമാനം.
ജനകീയസമരത്തെ ഇത്തരത്തില്‍ നേരിടുന്നതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. സോളാര്‍കേസിന്റെ പേരില്‍ തിരുവനന്തപുരത്ത് നടന്ന സമരത്തോട് പോലും പോലീസും സര്‍ക്കാറും ഇത്തരം നിലപാട് സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികള്‍ ഒരു തരത്തിലും സമാധാനഭംഗം നടത്തുകയോ ആരെയും അക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനകീയസമരങ്ങളെ ഇത്തരത്തില്‍ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍ തണ്ണീര്‍തട നിയമഭേദഗതിക്കെതിരെ 25 ന് വൈകുന്നേരം കീഴാറ്റൂര്‍ വയലില്‍ പ്രതിഷേധാഗ്നിയൊഴുക്കാനും യോഗം തീരുമാനിച്ചതായി സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.