കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കാനായി വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് യു ഡി എഫ് പിന്തുണ നല്‍കുമെന്ന് ജില്ലാ ചെയര്മാന് പ്രഫ.എ ഡി മുസ്തഫ അറിയിച്ചു. കീഴാറ്റൂരിലെ കര്‍ഷക ജനതയെ സിപിഎമ്മും ബിജെപിയും ഒരു പോലെ വഞ്ചിക്കുകയായിരുന്നു.
അലൈന്മെന്റ് മാറ്റാതെ കീഴാറ്റൂര്‍ വയല്‍ മുഴുവന്‍ ദേശീയ പാത വികസനത്തിന് ഏറ്റെടുത്ത് കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നതോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. പല കാര്യങ്ങളിലും സിപിഎമ്മും ബി ജെപിയും ഒത്തു കളിക്കുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കീഴാറ്റൂർ.
പൊതുവേദികളില്‍ കേന്ദ്രമന്ത്രി നിധിന് ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം പുകഴ്ത്തുന്നത് പലവട്ടം കണ്ടതാണ്. കീഴാറ്റൂര്‍ വിഷയത്തില്‍ തുടക്കം തൊട്ടേ മുഖ്യമന്ത്രിയും ഗഡ്ഗരിയുമായി ധാരണയുണ്ടായിരുന്നു. അതിന്റെ പിന്‍ബലത്തില്‍ തന്നെയാണ് വയല്‍ക്കിളി സമരത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചത്. ബിജെപിയാകട്ടെ ഈ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ചു.
അലൈന്മെന്റ് മാറ്റിയേ ദേശീയ പാതയുടെ പണി നടത്താവൂ എന്ന നിലപാടില്‍ കര്‍ഷകരോടൊപ്പം തന്നെയാണ് ഇപ്പോഴും യുഡിഎഫ് നിലകൊള്ളുന്നനത്. കീഴാറ്റൂരിലെ സമരസമിതിക്ക് യുഡിഎഫ് നല്കുന്ന പിന്തുണ തുടരുമെന്നും എ.ഡി മുസ്തഫ പ്രസ്താവനയിൽ പറഞ്ഞു.