തളിപ്പറമ്പ്: വയല്‍ക്കിളികളും ഐക്യദാര്‍ഢ്യസമിതിയും ചേര്‍ന്ന് നാളെ കണ്ണൂരിലേക്ക് നടത്തുന്ന ബഹുജനമാര്ച്ചില്നിന്നും രാഷ്ട്രീയപാര്‍ട്ടികളെ ഒഴിവാക്കി. ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഒഴിച്ചുനിര്‍ത്തി ഐക്യദാര്‍ഢ്യസമിതി വയല്ക്കിളികള്ക്കുമേല് ആധിപത്യം ഉറപ്പിക്കുകയാണ്.
മുമ്പ് നടന്ന പ്രതിഷേധ പരിപാടികളിലെല്ലാം തന്നെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുടെ സജീവ സാന്നിധ്യം പ്രകടമായിരുന്നു. എന്നാല്‍ നാളത്തെ ബഹുജനമാര്‍ച്ചില്‍ ഇവരെയൊക്കെ ഒഴിവാക്കി ഐക്യദാര്‍ഢ്യ സമിതി ഭാവിപോരാട്ടങ്ങളുടെ ചുക്കാന്‍ പിടിച്ചെടുക്കുകയാണ്.
ഇതില്‍ വയല്‍ക്കിളികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം പ്രകടമാണെങ്കിലും ഐക്യദാര്‍ഢ്യസമിതിയുടെ കടുംപിടുത്തത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. നാഷണല്‍ ഹൈവേ ആക്ഷൻ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് ഹാഷിം ചേന്ദമ്പള്ളിയാണ് രാവിലെ ഒന്‍പതിന് കീഴാറ്റൂരില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടകന്‍.
വൈകുന്നേരം കളക്ടറുടെ വസതിക്ക് മുന്നില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച കഞ്ഞിവയ്്പ് സമരം ഉദ്ഘാടനം ചെയ്യുന്നതാകട്ടെ മുന്‍ നക്സല്‍ നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണനാണ്. ലോംഗ് മാര്‍ച്ച് ഏതാണ്ട് ഉപേക്ഷിച്ചനിലയിലായതോടെ പിടിച്ചുനില്ക്കാന് പാടുപെടുന്ന ഐക്യദാര്ഢ്യസമിതിക്ക് പിടിവള്ളിയായി മാറിയിരിക്കുകയാണ് ബഹുജനമാര്‍ച്ച്.