കണ്ണൂർ: കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരത്തിൽനിന്നും വയൽക്കിളികൾ പിൻമാറുന്നു. ബൈപാസിന്റെ അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെയാണ് പ്രത്യക്ഷ സമരത്തിൽനിന്നും വയൽക്കിളികൾ പിൻമാറുന്നത്. സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മയുൾപ്പെടെ സമരംഗത്തുണ്ടായിരുന്നവർ ഭൂമി ഏറ്റെടുക്കലിന് രേഖകൾ കൈമാറി.
അന്തിമ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ പ്രത്യക്ഷ സമരം ഗുണം ചെയ്യില്ലെന്നും ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനുമാണ് സമരരംഗത്തുള്ളവരുടെ തീരുമാനം. സമരത്തിൽനിന്നും പിൻമാറിയ വയൽക്കിളികളുടെ നിലപാടിനെ സിപിഎം സ്വാഗതം ചെയ്തു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞു.
തളിപ്പറമ്പ് കീഴാറ്റൂർ വയലിലൂടെയുള്ള ബൈപാസ് അലൈൻമെന്റിൽ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന അന്തിമ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അടുത്തിടെയാണ് പുറത്തിറക്കിയത്. സമരരംഗത്തുള്ള പാപ്പിനിശേരി തുരുത്തി പട്ടികജാതി കോളനിയിലൂടെയുള്ള അലൈൻമെന്റിനും മാറ്റമുണ്ടാകില്ല. നഷ്ടപരിഹാരം നൽകുന്നതിനു ഭൂവുടമകളുടെ ഹിയറിംഗ് തീയതി പ്രഖ്യാപിച്ചായിരുന്നു വിജ്ഞാപനം.
സിപിഎം പാർട്ടിഗ്രാമമായ കീഴാറ്റൂരിൽ പാർട്ടിയുടെ നേതൃത്വത്തിലാണു വയലിലൂടെയുള്ള അലൈൻമെന്റിനെതിരെ സമരം തുടങ്ങിയത്. സിപിഎം പിൻമാറിയപ്പോഴാണു വയൽക്കിളികൾ എന്ന പേരിൽ സമരം തുടങ്ങിയത്.