തളിപ്പറമ്പ് : കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ അന്തിമ പോരാട്ടത്തിനൊരുങ്ങുന്നു. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് നിര്‍മിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് വയല്‍കിളികളും ഐക്യദാര്‍ഢ്യ സമിതിയും വീണ്ടും സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ 30 ന് പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയല്‍ പിടിച്ചെടുത്തുകൊണ്ടാണ് സമരം തുടങ്ങുന്നത്. കേരളത്തിലെ പരമാവധി പരിസ്ഥിതി പ്രവര്‍ത്തകരെയും കീഴാറ്റൂരിലെത്തിച്ച് നെല്‍വയല്‍ പ്രതീകാത്മകമായി പിടിച്ചടക്കും.
നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് അന്‍പതുകളില്‍ കേരളം ഉയര്‍ത്തിയ ഉജ്വലമായ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയായി പ്രളയാനന്തര കേരളത്തിന് ഒരു തുണ്ട് നെല്‍വയലും തണ്ണീര്‍ത്തടവും നഷ്ടപ്പെടുത്താനാവില്ല, കേരളത്തിന് ഇനിയും ചുങ്കപ്പാതകള് താങ്ങാനാവില്ല എന്നീ പ്രമേയങ്ങള്‍ ഉയര്‍ത്തി സമരം ശക്തമാക്കുവാനാണ് വയല്‍ക്കിളികള്‍ ലക്ഷ്യമിടുന്നത്.
നിരാഹാര സമരം ഉള്‍പ്പെടെ നേരത്തേ തീരുമാനിച്ച് ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെ കേരളത്തില്‍ വളരെ വിപുലമായ ഒരു പരിസ്ഥിതി സമരത്തിന് ഇനിയും പ്രസക്തിയുണ്ടെന്ന വിശ്വാസത്തിലാണ് വയല്‍ കിളികളും ഐക്യദാര്‍ഡ്യ സമിതിയും ഉളളത്.
30 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രതീകാത്മകമായി വയല്‍ പിടിച്ചെടുത്തുകൊണ് സമരത്തിന് തുടക്കം കുറിക്കുക. അന്തിമ വിജ്ഞാപനത്തോടെ കീഴാറ്റൂര്‍ വഴി തന്നെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുളള സാധ്യത ഏറിയെങ്കിലും അന്തിമ പോരാട്ടത്തിനിറങ്ങുമ്പോള്‍ സമരത്തിന്റെ വിജയ പരാജയത്തെക്കുറിച്ചൊന്നും ആലോചിക്കുന്നില്ല.
ഉജ്ജ്വലമായ കമ്മ്യൂണിസ്റ്റ് സമരപോരാട്ടത്തിന്റെ ഭൂമികയാണ് കീഴാറ്റൂര്‍. പുതിയ കാലഘട്ടത്തില്‍ അതിന്റെ നേരവകാശികളാണ് വയല്‍ കിളികള്‍. കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കാന്‍ സമരവുമായി ഏതറ്റം വരെയും പോകുമെന്നും വയല്‍കിളി നേതാവ് സുരേഷ് പറഞ്ഞു.