കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വന്നശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്ക് വീടു വയ്ക്കാനായി സ്ഥലം നികത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വീടുവയ്ക്കാന്‍ മറ്റു ഭൂമിയില്ലെങ്കില്‍ കൈവശമുള്ള പാടത്തിന്റെ നിശ്ചിതഭാഗം നികത്തി വീടുവയ്ക്കാന്‍ അനുമതി നല്കുന്ന നിയമവ്യവസ്ഥയുണ്ടെങ്കിലും തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വരുന്നതിനു മുമ്പേ നിലമുടമകളായവര്ക്ക് മാത്രമാണ് ഇതു ബാധകമെന്നും ഹൈക്കോടതി ഫുള്‍ബെഞ്ച് വ്യക്തമാക്കി.
2008 ഓഗസ്റ്റ് 12 നാണ് വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്നത്. ഈ നിയമം നിലവില്‍ വന്നശേഷം നിലം വാങ്ങുന്നവര്‍ക്കും ഇത്തരത്തില്‍ നിലം നികത്താന്‍ അനുമതി നല്‍കാമെന്ന ഡിവിഷന് ബെഞ്ച് വിധി നിയമപരമല്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി, ജസ്റ്റീസ് സതീഷ് നൈനാന് എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ച് മുന്‍ ഉത്തരവ് റദ്ദാക്കി.