മുക്കം: ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ നല്ല വായനയിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ വായന പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ.
വിദ്യാർഥികള്‍ക്കൊപ്പം നാട്ടുകാർക്കും നല്ല പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുക്കുകയാണ് സ്കൂൾ. ഇതിനായി സ്കൂൾ മുറ്റത്ത് പുസ്തക കൂടും അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കി.
ഏത് സമയവും തുറന്നിട്ടിരിക്കുന്ന ഈ പുസ്തകക്കൂടിൽ നിന്ന് പൊതുജനങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ എടുത്ത് കൊണ്ട് പോവാനും വായിച്ച് കഴിഞ്ഞ് തിരിച്ചു കൊണ്ട് വെക്കാനും സാധിക്കും.
ആദ്യഘട്ടത്തിൽ 200 ഓളം പുസ്തകങ്ങളാണ് തയാറാക്കിയിരിക്കുന്നത്. പുസ്തകക്കൂടിന്റെ ഉദ്ഘാടനം മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു നിർവഹിച്ചു. പി.സി. മുഫീദ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രധാനാധ്യാപിക ത്രിവേണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പരിസര വാർഡുകളിലൂടെ പ്രത്യേകം സജ്ജീകരിച്ച പുസ്തക വണ്ടിയൊരുക്കി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പുസ്തക വണ്ടിയിലേക്ക് പെറ്റശ്ശേരി ജയ്ഹിന്ദ് സാംസ്ക്കാരികവേദി സാരഥികളായ ജിതിനും അഖിൽ രാജും പി ടി എ പ്രതിനിധി സുബീഷിന് പുസ്തകങ്ങൾ കൈമാറി.