മുക്കം ( കോഴിക്കോട്): ലോക് സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നു. എൽഡിഎഫും യുഡിഎഫും എൻഡിഎ യും വിജയ സാധ്യതയുള്ള സ്ഥാനാർഥിക്കായുള്ള നെട്ടോട്ടത്തിലാണ്. അതിനിടെ മണ്ഡലത്തിൽ വനിത അങ്കത്തിന് കളമൊരുങ്ങുന്നതായും സൂചനയുണ്ട്.
സിറ്റിംഗ് സീറ്റിൽ അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസിന്റെ മകളെ സ്ഥാനാഥിയാക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്.ഐ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റിൽ ഷാനവാസിന്റെ മകളെ തന്നെ മത്സരിപ്പിക്കണമെന്നതാണ് ഗ്രൂപ്പിന്റെ ആവശ്യം. ആദിവാസി സമരനായികയായ സി.കെ. ജാനുവിനെ സ്ഥാനാർഥിയാക്കാൻ ഇടതുമുന്നണിയും ഒരുങ്ങുന്നതായാണ് സൂചന.
അതിനിടെ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. അന്തരിച്ച നേതാക്കളുടെ മക്കള്‍ക്ക് സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികള്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയതായാണ് വിവരം .
അതേസമയം പ്രമുഖ വനിത നേതാവിന് പുറമെ പി.സി.തോമസിനെയാണ് എൻഡിഎ പ്രധാനമായും കണ്ടുവച്ചിരിക്കുന്നത്.നിരവധി തോൽവികൾക്ക് ശേഷം 2009-ൽ ഒരു ലക്ഷത്തി എൺപതിനായിരത്തോളം വോട്ടുകൾക്ക് വിജയിച്ച എം.ഐ ഷാനവാസ് 2014-ൽ ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്.
അത് കൊണ്ട് തന്നെ മണ്ഡലത്തെ സുരക്ഷിതമണ്ഡലമെന്ന് പറയാനാവില്ലന്നും ശക്തനായ സ്ഥാനാർഥി മത്സരിക്കണമെന്നുമാണ് യുഡിഎഫിലെ ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. ഈ ആവശ്യം പരിഗണിച്ചാൽ കെ.സി.വേണുഗോപാൽ സ്ഥാനാർഥിയാകും. സീറ്റ് ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന് വിട്ടുനൽകുകയാണങ്കിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖിനാണ് സാധ്യത കൂടുതൽ.
ഇടതു മുന്നണിയിൽ സിപിഐയുടെ കൈവശമാണ് വയനാട് സീറ്റ് .ഇവിടെ പൊതു സ്വതന്ത്രനെ മത്സരിപ്പിച്ച് നേട്ടം കൊയ്യാനാവുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ.കഴിഞ്ഞ തവണ ഒപ്പമില്ലാതിരുന്ന വീരേന്ദ്രകുമാർ പക്ഷം ഇത്തവണ ഒപ്പം എത്തിയതും എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
വയനാട് ജില്ലയിലെ മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും അത്യാവശ്യം ശക്തിയുള്ള പാർട്ടിയാണ് എൽജെഡി. എന്‍ഡിഎ വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തീരുമാനിച്ച ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായാൽ വലിയ നേട്ടം കൊയ്യാമെന്നാണ് ഇടത് പ്രതീക്ഷ .
ജാനുവിനെ വയനാട്ടില്‍ മത്സരിപ്പിക്കുക വഴി ആദിവാസി, പിന്നോക്ക വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. ബിജെപിയുടെ വലിയ ഓഫര്‍ തള്ളി ഇടതുപക്ഷത്തേക്ക് ജാനു വന്നത് വയനാട് സീറ്റില്‍ കണ്ണുംവച്ചാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഉറപ്പ് ജാനുവിന് ലഭിച്ചതായാണ് സൂചന.
ഇത്തവണ സിപിഐയില്‍ നിന്നും ഒരു സീറ്റ് സിപിഎം തിരിച്ചുപിടിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വയനാട് തിരിച്ചുപിടിച്ച് ഇവിടെ ജാനുവിനെ മത്സരിപ്പിക്കാനാകും സിപിഎം ആലോചിക്കുന്നത്. സിപിഐ പകരം സീറ്റിനായി നിര്‍ബന്ധം പിടിച്ചാല്‍ മലപ്പുറം അവര്‍ക്ക് നല്‍കിയേക്കും.
ഇടതുപക്ഷത്തെ സംബന്ധിച്ച് കാര്യമായ പ്രതീക്ഷയുള്ള മണ്ഡലമല്ല വയനാട്. എന്നാല്‍ ഇത്തവണ വയനാട് കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ജാനുവിലൂടെ വയനാട് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സി.കെ. ജാനു എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.