കോഴിക്കോട്: വയനാട് ലോകസഭാമണ്ഡലത്തില്‍ പുറത്തുനിന്നും സ്ഥാനാര്‍ഥിയെ കെട്ടിയിറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇന്നും നാളെയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന് നയിക്കുന്ന ജനമഹായാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളെല്ലാം കോഴിക്കോട്ടുണ്ട്.
നാളെയാണ് ജാഥയ്ക്ക് ജില്ലയിലെ പ്രധാന സ്വീകരണം മുതലക്കുളത്ത് നടക്കുന്നത്. വയനാട് സീറ്റുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നേതാക്കളുമായി നടത്തുമെന്നാണ് അറിയുന്നത്. വയനാട് മണ്ഡലത്തില്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെ മല്‍സരത്തിനായി ഇറക്കുന്നതിനെതിരേ ഇതിനകം യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തികഴിഞ്ഞു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
നിലവില്‍ ഷാനിമോള്‍ ഉസ്മാനാണ് കെപിസിസിയുടെ മനസ്സില്‍ ഉള്ളതെന്ന സൂചനയാണുള്ളത്. എന്നാല്‍ അവസാനനിമിഷം മലബാറിന് പുറത്തുനിന്നും മറ്റൊരുസ്ഥാനാര്ഥിയെത്തിയേക്കാവുന്ന സാഹചര്യം മുളയിലേ നുള്ളാനാണ് കോഴിക്കോട് ജില്ലാ നേതൃത്വ തീരുമാനിച്ചിരിക്കുന്നത്.
വയനാട് മണ്ഡലമാണെങ്കിലും കോഴിക്കോട് ഡിസിസിയുടെ ഇടപെടലുകള്‍ അത്ര എളുപ്പം നേതൃത്വത്തിന് തള്ളാനാകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലം കൈകൂടിയായ ടി.സിദ്ദീഖ് ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനവും ഇടപെടലുകളും നിര്‍ണായകമാകുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഇന്നലെ ജനമഹായാത്രയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെ പുറത്തുനിന്നുള്ള സ്ഥാനാര്ഥിവരുന്നത് ശരിയല്ലെന്ന അദ്ദേഹം സൂചിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ വയനാട്ടില്‍ പാര്‍ട്ടി നിരവധി പേരുകള്‍ പരിഗണിക്കുന്നുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധീഖ്, മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി.അബു, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ സജീവ പരിഗണനയിലാണ്.