മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കൊച്ചി മെട്രോ സിഇഒയും ഐഎഎസ് ഉദ്യോഗസ്ഥനും എം.ഐ. ഷാനവാസിന്റെ മരുമകനുമായ മുഹമ്മദ് ഹനീഷും പരിഗണനാ ലിസ്റ്റിൽ. കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി എറണാകുളത്തെത്തി ഷാനവാസിന്റെ വീട് സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായാണ് സൂചന. തീരുമാനത്തിൽ ഷാനവാസിന്റെ മകളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർഥി മോഹികളുടെ ബാഹുല്യവും തെരഞ്ഞെടുപ്പിൽ കാലുവാരാൻ സാധ്യത കൂടുതലാണെന്ന നിഗമനത്തിന്റെ പാശ്ചാത്തലത്തിലും ഷാനവാസിന്റെ മകൾ അമീനയുടെ ഭർത്താവ് കൂടിയായ മുഹമ്മദ് ഹനീഷിനെ രാജിവെപ്പിച്ചു മത്സരിപ്പിക്കാൻ മുതിർന്ന നേതാക്കളുടെ ഇടയിൽ ധാരണയായതായാണ് സൂചന.
മുന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് മണ്ഡലത്തിനായി കോഴിക്കോട്, മലപ്പുറം ഡിസിസി പ്രസിഡന്റുമാരും മുൻ കോഴിക്കോട് ഡിസിസി പ്രസിഡന്റും രംഗത്തുള്ളതിനാൽ ആരു വന്നാലും വിമതസ്വരം ഉയരുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
കോഴിക്കോട് ജില്ലയിൽ നിന്ന് തിരുവമ്പാടി മണ്ഡലം മാത്രമാണ് വയനാട് മണ്ഡലത്തിൽ വരുന്നുള്ളൂ എന്നതിനാൽ ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിക്ക് സാധ്യത കുറവാണ്. അതിനാൽ മണ്ഡലത്തിൽ സജീവമായി പറഞ്ഞുകേൾക്കുന്ന ടി. സിദ്ദിഖിന് കാസർഗോഡ് നൽകുമെന്നാണ് സൂചന. എല്ലാ മുസ്ലിം മത സംഘടനകളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഹനീഷ് നേരത്തെ മലബാറിൽ സബ് കളക്ടറായി ജോലി ചെയ്തിട്ടുണ്ട്.
രാഹുൽ പ്രധാനമായും യുവാക്കളെ പരിഗണിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനത്തിന് വരെ പരിഗണിക്കാവുന്ന പേരാണ് മുഹമ്മദ് ഹനീഷിന്റേതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗിന്റെ മന്ത്രിമാർക്കൊപ്പം മനപ്പൊരുത്തത്തോടെ ജോലി ചെയ്ത ഇദ്ദേഹവുമായി ലീഗിനും നല്ല ബന്ധമാണ് നിലവിലുള്ളത് എന്നതും ശ്രദ്ധേയമാണ്.
എന്നാൽ മുകളിൽനിന്ന് കെട്ടിയിറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസും കെഎസ് യുവും പരസ്യ നിലപാടെടുത്തത് ഇദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. വയനാട് മണ്ഡലത്തിനായി ഷാനിമോൾ ഉസ്മാൻ ശക്തമായി രംഗത്തു വന്നിരുന്നെങ്കിലും മുസ്ലിം സംഘടനകളുടെ എതിർപ്പ് ഭയന്ന് കോൺഗ്രസ് പിന്തിരിപ്പിക്കുകയായിരുന്നു. മൂന്നാം സീറ്റെന്ന ആവശ്യവുമായി മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കിയ മുസ്ലിം ലീഗിനും വയനാട് നോട്ടമുണ്ട്.