കൽപ്പറ്റ: കോട്ടത്തറ വില്ലേജിലെ മുരണിക്കരയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 50 ഏക്കർ ഭൂമിയിൽ എം.കെ. ജിനചന്ദ്രൻ സ്മാരക വയനാട് ഗവ.മെഡിക്കൽ കോളജ് നിർമാണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായം അറിഞ്ഞതിനുശേഷം ആരംഭിച്ചാൽ മതിയെന്നു തീരുമാനം. ഇന്നലെ തിരുവനന്തപുരത്തു ആരോഗ്യവകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർമാണ വിഷയത്തിൽ ജിഎസ്ഐയുടെ അഭിപ്രായം തേടാൻ തീരുമാനമായത്.
ആരോഗ്യവകുപ്പ് ഡയറക്ടർ, കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ, ജില്ലയിൽനിന്നുള്ള ഉദ്യോഗസ്ഥർ, ഇൻകെൽ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ കോളജിനായി ഒന്പതു നിലയിലുള്ള കെട്ടിടത്തിന്റെ പ്ലാനാണ് ഇൻകെൽ(ഇൻഫ്രാസ്ട്രക്ചകർ കേരള ലിമിറ്റഡ്) തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നത്. എന്നാൽ മുരണിക്കരയിലെ മെഡിക്കൽ കോളജ് ഭൂമിയിൽ മൂന്നു നിലയിൽ കൂടുതൽ ഉയരമുള്ള കെട്ടിടം പണിയാൻ ഇപ്പോൾ അനുവാദമില്ല.
പ്രളയാന്തരം ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണങ്ങളാണ് മെഡിക്കൽ കോളജ് ഭൂമിയിലും ബാധകമായത്. ഇൻകെൽ പ്ലാൻ അനുസരിച്ച് നിർമാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉപസമിതിക്കു രൂപം നൽകിയിരുന്നു.
ജില്ലാ ടൗണ് പ്ലാനർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, ഹാസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഭൂപ്രദേശത്തിന്റെ സ്വാഭാവിക പ്രകൃതിക്കു കോട്ടം വരുത്താതെയും നിർച്ചാലുകളും താഴ്വരകളും സംരക്ഷിച്ചും വൃക്ഷനശീകരണം ഒഴിവാക്കിയും തട്ടുതട്ടായുള്ള നിർമാണം സ്ഥലത്ത് നടത്താമെന്നാണ് ഉപസമിതി ശിപാർശ ചെയ്തത്. എങ്കിലും മെഡിക്കൽ കോളജ് നിർമാണം തുടങ്ങുന്നതിൽ അധികാരികൾക്കു തീരുമാനമെടുക്കാനായില്ല.
വർഷങ്ങൾമുന്പ് ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ ഭൂപടത്തിൽ, മെഡിക്കൽ കോളജിനായി നിർമാണം നടത്തേണ്ട ഭൂമിക്കു അടുത്തുള്ള പ്രദേശം പ്രകൃതിക്ഷോഭസാധ്യതയുള്ളതായി അടയാളപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതാണ് തീരുമാനമെടുക്കുന്നതിൽ തടസമായത്. ഈ സാഹചര്യത്തിലാണ് ഇന്നലത്തെ ഉന്നതതല യോഗം നിർമാണ വിഷയത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായവും തേടാൻ തീരുമാനിച്ചത്.
മുരണിക്കരയിലെ ഭൂമിയിൽ മെഡിക്കൽ കോളജിനായി നിർമാണം നടത്തുന്നതു സംബന്ധിച്ച് നേരിട്ടു പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെന്നാണ് വിവരം. യോഗ്യതയുള്ള ഏജൻസി മുഖേന പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ രണ്ടു മാസത്തിനകം അഭിപ്രായം പറയാമെന്നാണ് ജിഎസ്ഐ പ്രതിനിധികൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്. 2012ലെ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കൽപ്പറ്റ എസ്കഐംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നടത്തിയത്.