കോഴിക്കോട്: രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ് ലിം ലീഗ്. അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണു തീരുമാനം.
നിലവിലെ ദേശീയരാഷ്ട്രീയ സാഹചര്യം കൂടി മനസിലാക്കി കോണ്‍ഗ്രസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ താത്പര്യമില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.
ഇത്തവണയും കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കി കേന്ദ്രത്തിലെ ഭരണമാറ്റത്തിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ലീഗിനുള്ളതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ.
അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും. നിലവിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ് ലീഗ് മൽസരിക്കുന്നത്.
ഇന്ത്യ മുന്നണിയുമായി മുന്നോട്ടു പോകുമ്പോൾ അധിക ലോക്സഭ സീറ്റിനു വേണ്ടി കോൺഗ്രസുമായി വലിയൊരു തർക്കമുണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല.
യുഡിഎഫിൽ 29നാണു ലീഗുമായുള്ള ചര്‍ച്ച. 30ന് ആര്‍എസ്പി, കേരള കോണ്‍ഗ്രസ് ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ജെഎസ്എസ്, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികളുമായും ഉഭയക്ഷി ചര്‍ച്ചയുണ്ട്.