ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്നും പിടിച്ചു വാങ്ങിയ തൃശൂർ സീറ്റിലും വയനാട്ടിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ബാക്കിവരുന്ന മൂന്നു സീറ്റുകളിൽ മാത്രം തീരുമാനമെടുക്കാൻ ബിഡിജെഎസ്. ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ സീറ്റുകളിൽ മാത്രമാണ് ഇന്നു പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി വന്നാൽ അവിടെ തുഷാർ മത്സരിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്.
ഇതിനിടയിൽ ബിഡിജെഎസിൽനിന്നും സീറ്റു വാങ്ങി ബിജെപിക്കു മത്സരിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും സസ്പെൻസ് നിലനിർത്താനാണ് ബിഡിജെഎസിന്റെ തീരുമാനം. തുഷാർ മത്സരിക്കണമെന്നു പാർട്ടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ തൃശൂരിൽ പുതിയ ആളെ കണ്ടെത്തേണ്ട ബാധ്യത ബിഡിജെഎസിനുണ്ട്. എന്നാൽ ബിജെപിക്കു ഈ നീക്കത്തോട് താല്പര്യമില്ല.
ഇതിൽ അന്തിമതീരുമാനം ബിജെപി ദേശീയ നേതൃത്വം കൈക്കൊള്ളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിഡിജെഎസിന്റെ അഞ്ച് സീറ്റിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിഡിജെഎസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം വൈകുന്നതിനും രാഹുലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധമുണ്ട് എന്നാണ് സൂചന.
രാഹുൽ വയനാട്ടിൽ സ്ഥാനാർഥിയായാൽ ബിഡിജെഎസിന് നൽകിയ ആ സീറ്റ് ഏറ്റെടുക്കണമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.എന്നാൽ തൃശൂർ ഉറപ്പിച്ച തുഷാറിനെ രാഹുൽ വന്നാൽ വയനാട്ടിലേക്ക് മാറ്റിയാലോ എന്ന ബദൽ നിർദേശം ബി ഡിജെഎസ് മുന്നോട്ട് വയ്ക്കുന്നു. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ തുഷാർ വെള്ളാപ്പള്ളി ഈ നിർദേശം വച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, പാർട്ടിയുടെ ഒരു ദേശീയ നേതാവ് വരണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഗ്രഹം. ആലത്തൂരിൽ ടി വി ബാബു, ഇടുക്കിയിൽ ബിജു കൃഷ്ണൻ മാവേലിക്കരയിൽ തഴവ സഹദേവൻ എന്നിവർ ബിഡിജെഎസ് സ്ഥാനാർഥികളാകുമെന്ന് ഉറപ്പിച്ചു.
ഇവർ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്പു തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇതിനിടയിൽ സംസ്ഥാനത്ത് പല സീറ്റുകളിലും ജയസാധ്യതയുണ്ടെന്നു തലസ്ഥാനത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി വിലയിരുത്തി. 30 നകം മണ്ഡലം കണ്വൻഷനുകൾ തീർക്കാനാണ് തീരുമാനം. ശബരിമല തന്നെ പ്രധാന പ്രചാരണവിഷയമാക്കണമെന്നും യോഗത്തിൽ ധാരണയുണ്ട്.
ബിഡിജഐസും തുഷാറും എൻഡിഎയുടെ ഭാഗമായ കാലം മുതൽ സസ്പെൻസ് നിലനിർത്തിയാണ് മുന്നോട്ടു പോകുന്നത്. ബിജെപി പോലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃശൂർ സീറ്റിൽ സസ്പെൻസ് നിലനിർത്തിയാണ് ഈ സീറ്റ് തുഷാർ നേടിയെടുത്തത്. ഈ സീറ്റ് ബിജെപിക്കു ലഭിക്കണമെന്നാഗ്രഹമുണ്ടായിരുന്നു.
എന്നാൽ തുഷാർ മത്സരിക്കുന്നതു കൊണ്ടാണ് ഈ സീറ്റ് കൊടുത്തത്. ഇപ്പോൾ രാഹുൽ ഗാന്ധി വന്നാൽ വയനാട്ടിൽ തുഷാർ മത്സരിക്കാൻ ആഗ്രഹിക്കുന്നു. ശബരിമല വിഷയത്തിൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായങ്ങൾ എൽഡിഎഫിനോടു കടുത്ത എതിർപ്പുളളതു മുതലാക്കാനാണ് എൻഡിഎയുടെ തീരുമാനം. എന്നാൽ എൻഎസ്എസിന്റെ പൂർണ പിന്തുണ നേടാൻ ബിജെപിക്കു കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം.