മുക്കം: കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വയനാട് ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായി. ഇന്നലെ മുക്കത്ത് നടന്ന വയനാട് പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ സീറ്റിന് അവകാശ വാദവുമായി യൂത്ത് കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചിരിക്കുകയാണ്. മണ്ഡലം വയനാട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നേതൃയോഗത്തിൽ പ്രമേയവും പാസാക്കിയിട്ടുണ്ട്.
കേന്ദ്ര നേതാക്കൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കെട്ടിയിറക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്നും മണ്ഡലത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് സീറ്റിനായി എം.എം ഹസൻ, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ്, എം.ഐ. ഷാനവാസിന്റെ മകൾ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിന്റെ പ്രമേയമെന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇത്തവണ മണ്ഡലത്തിലെ വോട്ടർ ആയ ഒരു എംപി വേണമെന്നാണ് പൊതുവികാരം. വയനാട്ടുകാർ മണ്ഡലത്തിൽ നിന്നൊരു സ്ഥാനാർഥിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചാലിയാറും ഇരുവഴിഞ്ഞി പുഴയും പശ്ചിമഘട്ട മലനിരകളും വയനാടൻ ചുരവും കബനി നദിയുമെല്ലാം ഉൾക്കൊള്ളുന്ന വയനാട് മണ്ഡലത്തിലെ വോട്ടറായ എംപി ഇത്തവണയെങ്കിലും ഉണ്ടാവുമോ എന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
പ്രാദേശിക വികാരം മണ്ഡലത്തിൽ അത്രത്തോളം ശക്തമായി അലയടിക്കുന്നുണ്ട്. അതിനാൽ വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് ഇത്തവണ ഉയർത്തുന്നത്. മണ്ഡലത്തിൽനിന്നുള്ള ഒരാൾ ഇത്തവണ സ്ഥാനാർഥി ആവണമെന്നതാണ് പാർട്ടിയിലെയും അണികൾക്കിടയിലെയും പൊതുവികാരമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിലും പറയുന്നു.
കെട്ടിയിറക്കിയ സ്ഥാനാർഥികൾ ഇത്തവണ ഉണ്ടാകില്ലെന്നും പ്രവർത്തകരുടെ വികാരം കണക്കിലെടുത്തായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ സിറ്റിംങ് മണ്ഡലമായ വയനാട്ടിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി അബു, എം.ഐ ഷാനവാസിന്റെ മരുമകൻ മുഹമ്മദ് ഹനീഷ്, മകൾ അമീന, ഷാനിമോൾ ഉസ്മാൻ എന്നിവർ സജീവ പരിഗണനയിലാണ്.
എന്നാൽ മണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചാൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, മുൻ മന്ത്രിയും വണ്ടൂർ എംഎൽഎയുമായ എ.പി. അനിൽകുമാർ, അധ്യാപികയും ജനശ്രീ നേതാവുമായ മില്ലി മോഹൻ, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ, മുൻ എം.എൽ.എയും വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ കെ.സി റോസക്കുട്ടി എന്നിവരെയായിരിക്കും പരിഗണിക്കുക.
മുസ്ലിം സംഘടനകളുടെ എതിർപ്പ് ഷൗക്കത്തിന് പ്രതികൂല ഘടകമാണ്. മുസ്ലിം ലീഗിനും ആര്യാടൻ ഷൗക്കത്തിനോട് താൽപര്യമില്ല. ദലിത്, ആദിവാസി വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എ.പി. അനിൽകുമാറിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മൂന്നാം സീറ്റെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയ സാഹചര്യത്തിൽ ലീഗിന് മണ്ഡലം നൽകാൻ തയാറായാൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദാണ് മണ്ഡലത്തിൽനിന്ന് പരിഗണിക്കാൻ സാധ്യതയുള്ളയാൾ.