വെള്ളമുണ്ട: മെട്രോ നഗരങ്ങളിൽ മാത്രം നടത്തിവന്നിരുന്ന ഡിസ്കോ ജോക്കി പാർട്ടികളും മയക്കുമരുന്നുപയോഗവും വയനാട് ജില്ലയിലെ റിസോർട്ടുകളും ടൂറിസംകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ പ്രദേശത്തെ ഒരു ഹോം സ്റ്റേയിൽ വെച്ചു നടത്തിയ ഡിജെ പാർട്ടിയിൽ വ്യാപകമായ മയക്കുമരുന്നുപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ തലനാരിഴക്കാണ് സംഘാംഗങ്ങൾ രക്ഷപ്പെട്ടത്.
വയനാട് ജില്ലയിലെയും തൊട്ടടുത്ത ജില്ലയിലെയും പല രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരുടെയും മക്കളായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്നുപയോഗിച്ചുള്ള ഡിജെ പാർട്ടിയാണ് നടത്തുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് പരിശോധിക്കാനിറങ്ങുകയായിരുന്നു.
എന്നാൽ നേരത്തെ പാർട്ടി നടത്താൻ സംഘം തീരുമാനിച്ച റിസോർട്ടിൽ നിന്നും അവസാന സമയത്ത് മറ്റൊരു ഹോംസ്റ്റേയിലേക്ക് സംഘം പരിപാടി മാറ്റിയ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചില്ല. ഏറെ നേരത്തെ ഓട്ടത്തിനൊടുവിൽ ഡിജെ പാർട്ടി സംഘത്തെ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും ഈ സമയമാവുന്പോഴേക്കും ലഹരി സാധനങ്ങൾ ഉപയോഗിക്കുകയോ മാറ്റി വെക്കുകയോ ചെയ്തിരുന്നു.
സംഘത്തിലെ പലരും ഓടി രക്ഷപ്പെട്ടതായും ചിലരുടെ നാവിനടിയിൽ നിന്നും ന്യൂജൻ മയക്കു മരുന്നെന്ന പേരിലറിയപ്പെടുന്ന സ്റ്റാന്പ് കണ്ടെത്തുകയും ചെയ്തതായാണ് വിവരം. എന്നാൽ കേസെടുക്കാൻ മാത്രം മയക്കുമരുന്നുകൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
24 മണിക്കൂർ സമയത്തോളം ലഹരി നിലനിർത്തുന്നതിന് ലേസർജിക് ആസിഡായ സ്റ്റാന്പിന് കഴിയുന്നത് കാരണം യുവാക്കൾക്കിടയിൽ ഇതിന്റെ ഉപയോഗം വ്യാപകമാണെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകൾ വഴിയുള്ള ബന്ധത്തിലൂടെയാണ് കൂട്ടായ്മകൾ രൂപീകരിച്ച് ജില്ലയിൽ പാർട്ടികൾ നടത്താനായെത്തുന്നത്.
ഇവർക്ക് കർണാടകയിലെ മംഗളുരു, ഹാസൻ, ചിക്ക്മംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മയക്കുമരുന്നുകൾ എത്തിച്ചു നൽകാൻ പ്രത്യേക സംഘങ്ങൾ ജില്ലയിലെ റിസോർട്ടുകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായാണ് വിവരം. ഇതിന് പുറമേ പാർട്ടികളിൽ മദ്യം നൽകാൻ പ്രത്യകാനുമതി സന്പാദിച്ച് വാങ്ങി സൂക്ഷിക്കുന്ന മദ്യവും ഇത്തരം പാർട്ടി നടത്തുന്നവർക്ക് നൽകുന്നതായി സൂചനയുണ്ട്.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് റിസോർട്ടുകൾ അമിത വാടക ഈടാക്കി ഇത്തരം പാർട്ടികൾ സ്വേമേധയാ സംഘടിപ്പിക്കാറുണ്ട്. ജില്ലയിലെ മുഴുവൻ റിസോർട്ടുകളും പുതുവത്സര ആഘോഷത്തിനായി മാസങ്ങൾക്ക് മുന്പ് തന്നെ ഓണ്ലൈൻ വഴി ബുക്കിംഗ് നടത്തിയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
അധികൃതമായും അനധികൃതമായും ജില്ലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടെയോ ഹോം സ്റ്റേകളുടെയോ കണക്കുകൾ പോലും ജില്ലാ ഭരണകൂടത്തിന്റെ കൈവശമില്ലാത്തതിനാൽ ഇത്തരം പാർട്ടികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാസമയം കണ്ടു പിടിക്കാനും നിയമപാലകർക്ക് കഴിയാറില്ലെന്നതാണ് യാഥാർഥ്യം.