കോഴിക്കോട്: വയനാട് ചുരം നാലാം വളവില്‍ ഗതാഗതസ്തംഭനം പതിവാകുന്നു. ചെറുതും വലുതുമായ വാഹനങ്ങള്‍ പാതയോരത്തോട് ചേര്‍ത്ത് നിര്‍ത്തിയിടുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. റോഡിനോടു ചേര്‍ന്നുള്ള അനധികൃത കടകളില്‍ നിന്നും സാധനം വാങ്ങാന്‍ എത്തുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും ഇവിടെയാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്.
ചരക്കുവാഹനങ്ങള്‍ എതിരേ വന്നാല്‍ പിന്നെ പറയുകയും വേണ്ട. ഇരുചക്രവാഹനങ്ങളും കാറുകളും നിരയായി നിര്‍ത്തിയിടുന്നതും ഇതുവഴിയുള്ള ഗതാഗത തടസ്സം ഇരട്ടിയാക്കുന്നു.നിരവധി കടകള്‍ പാതയോരത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയപാത വിഭാഗത്തിന്റെയും വനംവകുപ്പിന്റെയും ഭൂമിയിലാണ് ഷെഡുകൾ കെട്ടി കടകൾ നടത്തുന്നത്.
റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് ഈ ഭാഗത്തേക്ക് വെട്ടിച്ച് പോകാനും കഴിയില്ല. പാര്‍ക്കിംഗിനുള്ള സ്ഥലമില്ലാത്തതിനാല്‍ കടയ്ക്കുമുന്നില്‍ തന്നെയാണ് നിരയായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ പോലീസുകാര്‍ ഉണ്ടാകാറില്ല.
എല്ലാദിവസവും ഇവിടെ ഗതാഗത തടസ്സം ഉണ്ടാകാറുണ്ടെന്നും, ചരക്കു ലോറികളും, സ്കാനിയ പോലെയുള്ള ബസ്സുകളും മൂന്നാംവളവിലെ ഗട്ടറിലും വളവിലും കുടുങ്ങി ഗതാഗത കുരുക്കുകള്‍ സൃഷ്ടിക്കുന്നുവെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ഒരു ബ്ലോക്ക് സൃഷ്ടിക്കുന്ന കുരുക്കഴിയാന്‍ ഏകദേശം മൂന്ന്-നാല് മണിക്കൂര്‍ എടുക്കും.
വയനാട്ടില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കുംവരെ പോകുന്നവര്‍ ഈ സമയം കൂടി കണക്കാക്കി വേണം യാത്രപുറപ്പെടേണ്ടത് എന്നാണ് അവസ്ഥ. ഇവിടെ പ്രവര്‍ത്തിക്കുന്ന കടകള്‍ ഒന്നുകില്‍ പൊളിച്ചുനീക്കുകയോ അല്ലെങ്കില്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യമെന്നാണ് ആവശ്യം.