കാട്ടാക്കട : വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസ മേഖലയിൽ ഭീതി പരത്തി നിറഞ്ഞാടിയ കടുവ നെയ്യാറിൽ സുഖചികിത്സയിൽ. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ ഇന്ന് പുലർച്ചെ നെയ്യാർഡാമിൽ എത്തിച്ചു. ഇനി ചികിത്സ നെയ്യാർ സിംഹസഫാരി പാർക്കിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന കൂട്ടിൽ. ഇന്ന് പുലർച്ചെയാണ് വയനാട് ബത്തേരി വന്യജീവി സങ്കേതം വനപാലകരുടെ നേതൃത്വത്തിൽ 10 വയസുള്ള പെൺ കടുവയെ നെയ്യാറിൽ എത്തിച്ചത്. തുടർന്ന് കടുവയെ സിംഹ സഫാരി പാർക്കിൽ എത്തിച്ചു.
സഫാരി പാർക്കിൽ പ്രത്യേക തരം ഇരുമ്പ് കൂട് നിർമിച്ചിട്ടുണ്ട്. സിംഹങ്ങൾക്ക് പുറമേ കടുവ, പുലി എന്നിവയെ ചികിത്സിക്കാനുള്ള കൂടാണിത്. നെയ്യാർ വന്യജീവി സങ്കേത്തിൽ മാത്രമേ ഇത്തരം കൂട് ഉള്ളൂ. അതിനാലാണ് വയനാടൻ ചുരം താണ്ടി നെയ്യാറിൽ കടുവയെ എത്തിച്ചത്. കടുവയുടെ വായിലെ മുകൾ നിരയിയിലേയും താഴ് നിരയിലേയിലും പല്ലുകൾ നഷ്ടപ്പെട്ടിരുന്നു.
അതാണ് വേട്ടയാടാൻ കഴിയാതെ ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തു മൃഗങ്ങളെ പിടികൂടാൻ കാരണമായി വനം വകുപ്പ് പറയുന്നത്. നെയ്യാറിലെത്തിച്ച കടുവയ്ക്ക് മൃഗഡോക്ടറുടെ നേതൃത്വത്തിൽ പരിചരണം നൽകി. മരുന്നും നൽകി.ദേഹത്ത് പരിക്കുമുണ്ട്. അതിനാൽ പ്രത്യേക പരിചരണം നൽകുന്നതായി വാർഡൻ ഷാജികുമാർ പറഞ്ഞു. കടുവ വന്നതോടെ സഫാരി പാർക്കിലെ സിംഹങ്ങൾ കൂട്ടത്തോടെ അലറി വിളിച്ചാണ് എതിരേറ്റത്.
സിംഹങ്ങൾ അടുത്ത് എത്താതിരിക്കാൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് വനം വകുപ്പ് തേലം പറ്റ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിൽ കടുവ കുടുങ്ങിയത്. തുടർന്ന് ബുധനാഴ്ചയോടെ അവിടെ നിന്നും നെയ്യാറിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. തേലംപറ്റയിൽ പശുക്കളെയാണ് കടുവ പിടികൂടിയത്. മാത്രമല്ല ഇരതേടാൻ നാട്ടിലിറങ്ങിയ കടുവ നാട്ടുകാർക്കും ഭീതി പരത്തിയിരുന്നു.
പകൽ സമയത്ത് മേയാൻ വിട്ട പശുവിനെ ഉടമസ്ഥന്റെ മുന്നിൽ വച്ചാണ് കടുവ ആക്രമിച്ചത്. തുടർന്നാണ് കൂട് വച്ചതും കുടങ്ങിയതും. നെയ്യാറിൽ എത്തിച്ച് ചികിൽസ നൽകിയ ശേഷം കാട്ടിൽ തുറന്നുവിടാനണ് ഉദ്ദേശിക്കുന്നത്. ചിലപ്പോൾ മ്യഗശാലയ്ക്ക് വിടാനും ആലോചിക്കുന്നു.