ശബരിമല: മണ്ഡലകാല തീർഥാടനം ആരംഭിച്ച് അഞ്ചുദിവസങ്ങൾ പിന്നിടുന്പോഴും സന്നിധാനത്ത് വെടിവഴിപാട് ആരംഭിക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. വഴിപാട് നടത്താനുള്ള ചുമതല മുൻകാലങ്ങളിൽ ദേവസ്വം ബോർഡ് കരാർ നൽകുകയായിരുന്നെങ്കിലും ഇക്കുറി അതു പാടില്ലെന്ന നിർദേശം വന്നതാണ് കാലതാമസത്തിനു കാരണം.
വെടിവഴിപാട് ആരംഭിക്കണമെങ്കിൽ എറണാകുളം കാക്കനാട്ടെ ഡെപ്യൂട്ടി ചീഫ് കണ്ട്രോളർ ഓഫ് എക്സ്പ്ലോസീവ് ഓഫീസിൽ നിന്ന് അനുമതി വാങ്ങണം. ഇത്തവണ കർശന നിയന്ത്രണങ്ങളാണ് വഴിപാട് ലൈസൻസിനു ഡെപ്യൂട്ടി ചീഫ് കണ്ട്രോളർ ഓഫീസ് വരുത്തിയിട്ടുണ്ട്.
മരുന്നിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡ് കമ്മീഷണർക്കും കുറ്റി വെടികളും ഉടമസ്ഥാവകാശം ശബരിമല എക്്്സിക്യൂട്ടീവ് ഓഫീസർക്കുമാണ്. വെടിമരുന്ന് സൂക്ഷിക്കുന്നതിന് എക്സ്പ്ലോസീവ് കണ്ട്രോളറും കുറ്റി വെടികൾ സൂക്ഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടറുമാണ ്അനുമതി നൽകേണ്ടത്.
വെടി വഴിപാട് അവകാശം ലേലത്തിൽ നൽകാതെ നിബന്ധനകൾ പാലിച്ച് ബോർഡ് തന്നെ ഇത് ഏറ്റെടുത്ത് നടത്തണമെന്നാണ് ഡെപ്യൂട്ടി കണ്ട്രോളർ സ്വീകരിച്ചിരിക്കുന്നത്.വെടിമരുന്ന് സൂക്ഷിക്കുന്നതിനു പ്രത്യേക സ്ഥലം ഉണ്ടാകണമെന്നും വ്യാപാരം ഓണ്ലൈനിലൂടെ മാത്രമാകണമെന്നും നിർദേശിച്ചിരുന്നു.
മുൻകാലങ്ങളിൽ വഴിപാട് നടത്താനുള്ള അവകാശം ബോർഡ് ലേലത്തിൽ നൽകുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞവർഷം 26 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. ശബരിമലയുടെ ചരിത്രവുമായി ബന്ധപ്പെട്ട് വർഷങ്ങളുടെ പഴക്കമുള്ള ആചാരമാണിത്.
ആലപ്പുഴ മുഹമ്മയിലെ ചീരച്ചിറ കുടുംബത്തിനായിരുന്നു ഇതിന്റെ അവകാശം, അയ്യപ്പൻ ആയോധനകല പഠിച്ചത് ചീരപ്പൻചിറ കളരിയിലായതിനാൽ അന്നത്തെ പന്തളം രാജാവ് വെടിവഴിപാടിനുള്ള അവകാശം കുടുംബത്തിനു നൽകുകയായിരുന്നു.
ടി.എൻ. ഉപേന്ദ്രനാഥക്കുറുപ്പ് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് വഴിപാട് നടത്താനുള്ള അവകാശം ബോർഡിനു ലഭിച്ചത്. ശബരിപീഠത്തും ശബരിമലയിലുമാണ് വഴിപാട് നടത്താൻ സൗകര്യമുണ്ടായിരുന്നത്. വഴിപാട് ആചാരമെന്ന നിലയിൽ ഇതു നടത്താനായി നിരവധി ഭക്തർ എത്താറുണ്ടെങ്കിലും ഇത്തവണ അതിനുള്ള സൗകര്യം ലഭിച്ചിട്ടില്ല.