പഴയന്നൂർ: ഒടുവിൽ വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെ ദേശം ആഹ്ലാദതിമർപ്പിൽ. ഇവിടെ ആനയില്ലാതെ പകരം കാളകളും കാളപ്പാട്ടുകളുമാണ് വേലയ്ക്കു പ്രാധാന്യം. ചേലക്കര, പങ്ങാരപ്പിള്ളി, പൂന്നൂർക്കര, കുറുമല, വേങ്ങാനെല്ലൂർ തുടങ്ങിയ ദേശക്കാരാണ് വേല ആഘോഷിക്കുന്നത്.
നാളെ രാവിലെ 11ന് പങ്ങാരപ്പിള്ളി ദേശം പരിഹാരം ശിവക്ഷേത്രത്തിൽ നിന്നും തിറ, തെയ്യം, ദേശക്കാള എന്നിവയോടെ വേല പുറപ്പെടും. ഉച്ചതിരിഞ്ഞ് 4.30ന് വേല കാവിലെത്തി തുടർന്ന് മേളവും നടക്കും. ചേലക്കര ദേശം രാവിലെ 11 ന് കോളത്തൂർ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.
തുടർന്ന് അന്തിമഹാകാളൻ കാവിൽ കുനിശേരി അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം നടക്കും. പകൽ വേല പുറപ്പെട്ട് രാത്രി എട്ടിന് ചേലക്കര എലിയപ്പറ്റ് കാവിൽ നിന്നും പഞ്ചവാദ്യം, തിറ, തെയ്യം എന്നിവയോടെ പുറപ്പെട്ട് അന്തിമഹാകാളൻ കാവിലെത്തും.
വേങ്ങാനെല്ലൂർ ദേശത്തിനുവേണ്ടി ചേലക്കോട് അന്തിമഹാകാളൻ കാവിൽ നിന്ന് 12.30ന് പഞ്ചവാദ്യം, വിവിധ കലാരൂപങ്ങൾ എന്നിവയോടെ ദേശക്കാള പുറപ്പെടും. വേങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിൽ നിന്നും രാത്രി എട്ടിനും വേല പുറപ്പെടും.
പൂനൂർക്കര ദേശക്കാള അന്തിമഹാകാളൻ കാവിൽ നിന്നും രാത്രി എട്ടിന് പഞ്ചവാദ്യത്തോടെ എലിയപ്പറ്റകാവിൽ സമാപിക്കും.
കുറമല ദേശം നാളെ വൈകുന്നേരം മേളം നടത്തും. അന്തിമഹാകാളൻ കാവിൽ ഇന്ന് വൈകുന്നേരം പഞ്ചവാദ്യം പങ്ങാരപ്പിള്ളി ദേശവും തുടർന്ന് ആറിന് തായന്പകയും നടക്കും. ഇതിനോടകം കാവിന്റെ വിവിധ ഭാഗങ്ങളിൽ വേലയെ വരവേൽക്കാൻ കാഴ്ചപന്തലുകൾ ഒരുങ്ങികഴിഞ്ഞു.