കളമശേരി: പുറ്റിങ്ങൽ അപകടത്തിനുശേഷം നിയന്ത്രണം വന്നതുകൊണ്ട് നിരാശരായ വെടിക്കെട്ട് പ്രേമികൾക്ക് കളമശേരിയിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന സർക്കാർ വക കൂട്ടവെടിക്കെട്ട്. കൊച്ചി മാർക്കറ്റ് റോഡിൽനിന്ന് പിടിച്ചെടുത്ത അനധികൃത സ്ഫോടകവസ്തു ശേഖരം പൊട്ടിക്കാൻ കളമശേരി എച്ച്എംടി മെട്രോ യാർഡിന് സമീപത്തെ പാടശേഖരം തെരഞ്ഞെടുത്തതാണ് വെടിക്കെട്ടിനു വഴിവച്ചത്.
കൊച്ചി മാർക്കറ്റ് റോഡിൽനിന്ന് 2016 ഓഗസ്റ്റ് നാലിന് നടന്ന റെയ്ഡിൽ പിടിച്ചെടുത്ത ഏകദേശം അഞ്ച് ടണ്ണോളം പടക്കങ്ങളാണ് കളമശേരിയിൽ എത്തിച്ചത്. ഇവ സൂക്ഷിക്കേണ്ടതെങ്ങനെയെന്നറിയാതെ എക്സ്പ്ലോസിവ് വിഭാഗവും പോലീസും കഷ്ടപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രണ്ട് മിനിലോറികളിലായി ആറ് ലക്ഷം രൂപ വിലമതിക്കുന്ന വിവിധ തരം പടക്കങ്ങൾ കൊണ്ടുവന്നത്.
സെൻട്രൽ സ്റ്റേഷൻ എസ്ഐ സാജു വി. വർഗീസും സേനാംഗങ്ങളും ഒപ്പമെത്തി. എക്സ്പ്ലോസീവ് സംഘത്തിലെ അമിത്കുമാർ നേതൃത്വം നല്കി.വിവിധ തരം പടക്കങ്ങൾ കാർബോർഡ് പെട്ടികളിലാക്കി കൂട്ടിയിട്ട് പൊട്ടിക്കുന്നത് കണ്ടതോടെ കാണികളിൽ ചിലർക്ക് നിയന്ത്രണം വിട്ടു. പടക്കം എടുത്തുകൊണ്ട് ഓടാൻ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഓലപ്പടക്കം, മത്താപ്പൂ, കന്പിത്തിരികൾ തുടങ്ങിയവ ഉണ്ടായിരുന്നു.
അതേ സമയം, പാടത്ത് മേയാനെത്തിയ മൃഗങ്ങൾ സ്ഫോടനശബ്ദം കേട്ട് പരക്കംപാഞ്ഞു. സംഭവസ്ഥലത്തെത്തിയ ഏലൂർ ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റിന് പി.വി. പവിത്രൻ നേതൃത്വം നല്കി. കളമശേരി എസ്ഐ ഷിബുവും സംഘവും എത്തിയിരുന്നു. നൂറോളം പോലീസ് സേനാംഗങ്ങളും കൂടാതെ ആംബുലൻസും ഉണ്ടായിരുന്നു.കൊച്ചിയിൽ ബ്രോഡ് വേയ്ക്ക് സമീപം മാർക്കറ്റ് റോഡിലെ ആസാദ് പടക്ക കടയുടെ ഗോഡൗണിൽ നിന്നാണ് സ്ഫോടക ശേഖരം പിടിച്ചെടുത്തത്. കടയുടമയ്ക്ക് 500 കിലോഗ്രാം പടക്കം സൂക്ഷിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. സെന്റ് മേരീസ് സ്കൂളിന് സമീപത്താണ് ഗോഡൗണ് സ്ഥിതി ചെയ്തിരുന്നത്.