ന്യൂഡൽഹി: അറബിക്കലിൽ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ നേരിയ മാറ്റം. ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാൽ കരയിൽ വലിയതോതിൽ നാശമുണ്ടാക്കില്ല. വരാവൽ, പോർബന്ദർ, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതിൽ മാറിയിരിക്കുന്നത്. ഒമാൻ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടൽക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് വ്യോമ – തീവണ്ടി ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുമുണ്ട്. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.
കച്ച്, മോർബി, ജാംനഗർ, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്നഗർ, ഗിർ-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നല്കിയിട്ടുള്ളത്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.