മുളങ്കുന്നത്തുകാവ്: സമയം കഴിഞ്ഞെത്തിയ ബസിന്റെ ടെസ്റ്റ് നടത്താൻ അനുവദിക്കാതിരുന്ന വനിതാ വെഹിക്കിൾ ഇൻസ്പെക്ടർക്കു ബസുടമയുടെ തെറിയഭിഷേകം. ഇന്നലെ ഉച്ചയ്ക്ക് അത്താണി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് സംഭവം.
മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഉടമ വായിക്കാടൻ ബിജുവാണ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ് െപക്ടറെ തടഞ്ഞുനിർത്തി ഭീഷണി പ്പെടുത്തുകയും പരസ്യമായി അസഭ്യവർഷം നടത്തുകയും ചെയ്തത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു.
സാധാരണ ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ 11 വരെയാണ് ടെസ്റ്റ് നടത്തുന്ന സമയം. ഇന്നലെ രാവിലെ എത്തിയ ബിജുവിന്റെ ബസിന് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ഇവ ഹാജരാക്കാൻ ആവശ്യപ്പെട്ട് തിരിച്ചയയ്ക്കുകയായിരുന്നു.
എന്നാൽ, വെഹിക്കിൾ ഇൻസ്പെക്ടർ ജോലികൾ പൂർത്തികരിച്ച് പന്ത്രണ്ടരയോടെ തിരികെപ്പോകാൻ ഒരുങ്ങുന്പോൾ ബിജു രേഖകളും കൊണ്ട് വീണ്ടും എത്തി. സമയം കഴിഞ്ഞതായി അറിയിച്ച് അടുത്തദിവസം വരാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു അസഭ്യവർഷം. തെറികേട്ട് ഓടിയ ഉദ്യോഗസ്ഥ വാഹനത്തിൽ കയറിയെങ്കിലും പിൻതുടർന്നെത്തിയ ഉടമ വീണ്ടും ഭീഷണിപ്പെടുത്തിയതായി പറയുന്നു.
ഒപ്പമുണ്ടായ ഉദ്യോഗസ്ഥൻ വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ കോളജ് പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും ഉടമ ഗ്രൗണ്ടിനു പിറകുവശത്തുകൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.