കളമശേരി: കളമശേരി-ഇടപ്പള്ളി ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കേണ്ട ചുമതല ആരുടേതെന്നതിനെചൊല്ലി മെട്രോ ഏജൻസികൾ തമ്മിൽ തർക്കം. ഇടപ്പള്ളി മേഖലയിലെ തോടുകളിലെയും കാനകളിലെയും വെള്ളക്കെട്ട് ഒഴിവാക്കേണ്ട ജോലി തങ്ങളുടേതല്ലെന്നാണ് കെഎംആർഎൽ അധികൃതരുടെ നിലപാട്. ഡിഎംആർസി ആണു ചെയ്യേണ്ടതെന്നു കെഎംആർഎൽ പറയുന്നു. തർക്കത്തെത്തുടർന്നു നിലവിൽ പ്രവൃത്തികൾ നടക്കുന്നില്ല.
മഴവെള്ളം ഒഴുകി പോകാനായി ഇടപ്പള്ളി ടോളിലെ കാനകൾ കുത്തിപ്പൊളിച്ചിട്ട നിലയിലാണ്. കാൽനടക്കാരാണ് ഇതു കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. മഴയ്ക്ക് മുന്‍പേ വൃത്തിയാക്കണമെന്ന കളമശേരി നഗരസഭയുടെ ആവശ്യം കൊച്ചി മെട്രോ അധികൃതർ നിരാകരിച്ചതാണ് മഴക്കാലത്ത് യാത്രക്കാർക്ക് ദുരിതമായത്.
ഇടപ്പള്ളി ടോളിലുണ്ടാകുന്ന മഴവെള്ളം റോഡരികിലെ കാനകളിലൂടെ ഒഴുകി പരുത്തേലി തോടിലേക്കാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ ആഴ്ച മഴയ്ക്ക് മുന്‍പേ ഡിവിഷൻ കൗണ്‍സിലർ മുൻകൈയെടുത്തു ഇടപ്പള്ളി പരുത്തേലി തോട് വൃത്തിയാക്കിയിരുന്നു. വൻതോതിൽ പ്ലാസ്റ്റിക് കുപ്പികളും മണ്ണുമാണ് തോട്ടിൽ വന്ന് അടിഞ്ഞിരുന്നത്.
പരുത്തേലി തോട്ടിൽനിന്നു വെള്ളം തുടർന്നും ഒഴുകി പോകണമെങ്കിൽ കൊച്ചി കോർപറേഷൻ മേഖലയിലെ തോടും വൃത്തിയാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമെ ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകുകയുള്ളൂ. വെള്ളക്കെട്ടിനെത്തുടർന്നു കഴിഞ്ഞ ദിവസം ഇടപ്പള്ളി ടോളിലെ കടകളിൽ വെള്ളം കയറിയിരുന്നു.
അതേസമയം ഇടപ്പള്ളിയിലെ വെള്ളക്കെട്ടുമൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചരക്ക് ലോറികൾ കടന്നു പോകുന്നതിന് ട്രാഫിക് വിഭാഗം സമയക്രമം തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഏഴിനു മുന്‍പും രാത്രി ഒന്‍പതിനുശേഷം മാത്രമേ ചരക്ക് ലോറികൾക്ക് ഈ വഴി ഉപയോഗിക്കാവുന്നത്.