വടക്കഞ്ചേരി: ദേശീയപാതയിൽ നിന്നുള്ള വെള്ളം ഒഴിഞ്ഞുപോകാൻ ഡ്രെയിനേജ് സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് തേനിടുക്ക് നെല്ലിയാംന്പാടം റോഡിലെ താമസക്കാർ കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തെ ഓഫീസിൽ പ്രതിഷേധവുമായെത്തി. ദേശീയപാതയിൽ നിന്നുള്ള മഴവെള്ളം മുഴുവൻ താഴെയുള്ള നെല്ലിയാംന്പാടം റോഡിലേക്കാണ് ഒഴുകുന്നത്.
മണ്ണുനിറഞ്ഞ വെള്ളം റോഡിലും റോഡുവശങ്ങളിലെ വീടുകൾക്ക് ചുറ്റും നിറയുകയാണ്. തുടർച്ചയായി മഴപെയ്താൽ റോഡിൽ മൂന്നടിയിലേറെ ഉയരത്തിലാകും ചെളിവെള്ളം ഉയരുക. വെള്ളം ഒഴിഞ്ഞുപോകാൻ ചാലില്ലാതെ മലിനജലം വീടുകൾക്കുള്ളിലും നിറയും.
ഡ്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കണമെന്ന് പലതവണ കരാർ കന്പനിയോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.കൂടത്തിനാലിൽ ജോണ് തോമസ്, തന്പി, സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഓഫീസിലെത്തി പ്രതിഷേധിച്ചത്.
ജെസി ബിയുടെ സഹായത്തോടെ വെള്ളംപോകാൻ സൗകര്യമൊരുക്കാമെന്ന് കരാർകന്പനി അധികൃതർ പറഞ്ഞെങ്കിലും ഇന്നലെ വൈകുന്നേരം വരേയും പണികളൊന്നും നടന്നില്ലെന്ന് ജോണ് തോമസ് പറഞ്ഞു.ആറുവരി ദേശീയപാത നിർമിക്കുന്പോൾ വേസ്റ്റ് കല്ലും മണ്ണും കൂട്ടിയിട്ടത് വെള്ളം ഒഴിഞ്ഞുപോകേണ്ട ചാലിലായിരുന്നു.
ദേശീയപാതയിൽ നിന്നുള്ള വെള്ളത്തിനു പുറമെ ഇവിടെ കുന്നുനികത്തിയുള്ള മണ്ണും വെള്ളവും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാൻ വൈകുന്ന സ്ഥിതിയുണ്ടായാൽ കൂടുതൽ സമരങ്ങളിലേക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം.