കൊടകര: പന്തല്ലൂരിലെ വെള്ളരിപ്പാടത്തെ കർഷകർ വിളവെടുപ്പിന്റെ തിരക്കിലാണ്. നാൽപ്പതേക്കറിലെ വരുന്ന വിസ്തൃതമായ പാടത്ത് നിന്ന് ദിവസേന ഏഴുടണ്ണിലേറെ വെള്ളരിക്കായ്കളാണ് തൃശൂരിലെ പച്ചക്കറി ചന്തയിലെത്തുന്നത്. കിലോഗ്രാമിന് പത്തുരൂപ നിരക്കിൽ വില കിട്ടാൻ തുടങ്ങിയതോടെ കർഷകർ ആഹ്ലാദത്തിലാണ്.
വെള്ളരികൃഷിക്ക് ഏറെ പ്രസിദ്ധമാണ് പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടം. വിഷുപ്പുലരിയിൽ കണിയൊരുക്കാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തുന്ന സ്വർണവർണത്തിലുള്ള വെള്ളരിക്കായ്കൾ മിക്കതും വിളയുന്നതാണ ഈ പാടശേഖരത്താണ്.
മകരകൊയത്തുകഴിയുന്നതോടെയാണ് പന്തല്ലൂർപാടത്തെ കർഷകർ വെള്ളരികൃഷിക്ക് തുടക്കം കുറിക്കുന്നത്.
മൂന്നുപതിറ്റാണ്ടോളമായി ഈ പാടത്ത് വേനൽവിളയായി വെള്ളരി കൃഷിചെയ്യുന്നവരുണ്ട്. കൃഷിക്കാവശ്യമായ വിത്ത് തലേ വർഷത്തെ വിളവെടുപ്പു കാലത്ത് തന്നെ ഇവർ സംഭരിച്ചുവെക്കും. മണ്ണിളക്കി നിലമൊരുക്കി കഴിഞ്ഞാൽ വെള്ളരിവിത്തുകൾ നടും. ഇവ മുളയെടുക്കുന്നതോടെ ചാണകപ്പൊടി വളമായി ചേർക്കും.
പിന്നീട് മുടങ്ങാതെ ജലസേചനവും വളപ്രയോഗവും അടക്കമുള്ള പരിചരണം നൽകിയാണ് വെള്ളരിവള്ളികൾ വളർത്തിയെടുക്കുന്നത്. ഒരു മാസത്തിനകം പൂവിട്ട് കായ്കൾ ഉണ്ടായിത്തുടങ്ങും. മാർച്ച് ആരംഭത്തോടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതിവരെയുള്ള വിഷുക്കാലത്താണ് ഇവിടെ നിന്ന് കൂടുതൽ ഉദ്പ്പാദനം ലഭിക്കുന്നത്.
ഈ വർഷം സീസണ് തുടക്കത്തിൽ കിലോയ്ക്കു ആറു രൂപയായിരുന്നു വില. ഇപ്പോൾ വില വർധിച്ച് പത്തുരൂപയിലെത്തി. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിൽ വെള്ളരികൃഷി ചെയ്യുന്നവർക്ക് കൂടുതൽ വില കിട്ടുന്നുണ്ട്.
മഴപെയ്താൽ പെട്ടെന്ന് വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായതിനാൽ വേനൽമഴ പന്തല്ലൂർപാടത്തെ കർഷകർക്ക് പേടിസ്വപ്നമാണ്.
ഒരു ദിവസത്തിലധികം പാടത്ത് വെള്ളം കെട്ടിനിന്നാൽ മതി വെള്ളരിച്ചെടികൾ പഴുത്തുനശിക്കും. അതുകൊണ്ടുതന്നെ മാനത്ത് മഴക്കാർ നിറഞ്ഞാൽ പന്തല്ലൂർ പാടത്തെ കർഷകരുടെ മനസിലും ആശങ്കയുടെ മഴക്കാർ നിറയും. വിഷുവിന് മുന്പ് വേനൽമഴ കനത്തുപെയ്തില്ലെങ്കിൽ ഇത്തവണ വെള്ളരികൃഷി ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ