വെള്ളിക്കുങ്ങര: ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന ചാലക്കുടി പറന്പിക്കുളം കൊച്ചിൻ ഫോറസ്റ്റ്് ട്രാംവേയുടെ ബാക്കി പത്രമായ വെള്ളിക്കുളങ്ങര ട്രാംവേ റോഡിന്റെ ഇരുവശവും കരിങ്കൽകെട്ടി റോഡിന് വീതിവർധിപ്പിക്കണമെന്ന ആവശ്യമുയരുന്നു. കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിലൂടെ മൂന്ന് മീറ്റർ വീതിയുള്ള റോഡിനെ 12 മീറ്റർ വീതിയുള്ളതാക്കി മാറ്റാമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പറന്പിക്കുളം വനത്തിൽ നിന്ന് തീവണ്ടിമാർഗം ചാലക്കുടിയിലേക്ക് വനവിഭവങ്ങൾ കൊണ്ടുവരുന്നതിനായാണ് ഒരു നൂറ്റാണ്ട് മുന്പ് കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ സ്ഥാപിച്ചത്. 1962ൽ ട്രാംവേ നിർത്തലാക്കിയതോടെ ട്രാംവേ ലൈൻ റോഡായി മാറി. വെള്ളിക്കുളങ്ങര ജംഗ്ഷനിൽ നിന്ന് മൊനൊടി ഭാഗത്തേക്ക് ഇപ്പോൾ നിലവിലുള്ള റോഡും പാലവും പഴയ ട്രാംവേയുടെ ഭാഗമായിരുന്നു.
ട്രാംവേ റോഡിന്റെ കുറേ ഭാഗങ്ങൾ ഇരുവശത്തും മണ്ണിട്ടുയർത്തി വീതി വർധിപ്പിച്ചെങ്കിലും വെള്ളിക്കുളങ്ങര ജംഗ്ഷൻ മുതൽ ട്രാംവേ പാലം വരെയുള്ള 350 മീറ്ററോളം നീളത്തിൽ ഇപ്പോഴും മൂന്നുമീറ്റർ മാത്രമാണ് വീതി. സ്വകാര്യബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നത് വീതി കുറഞ്ഞ ഈ റോഡിലൂടെയാണ്. മൊത്തം 12 മീറ്റർ വീതിയാണ് റോഡിനുള്ളതെങ്കിലും മൂന്നുമീറ്റർ വീതികഴിഞ്ഞാൽ പിരമിഡ് മാതൃകയിൽ ഇരുവശത്തേക്കും ചരിഞ്ഞുകിടക്കുകയാണ് റോഡ്.
ഇതുമൂലം എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനുള്ള സൗകര്യമില്ല. ഇതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുന്പോൾ നിയ്ന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുന്നത് ഇവിടെ പതിവാണെന്നും നാട്ടുകാർ പറയുന്നു. ജനപ്രതിനിധികൾ മുൻകൈയെടുത്ത് ട്രാംവേ റോഡ് വീതികൂട്ടി വികസിപ്പിക്കാൻ നടപടിയെടുക്കണെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.