പാലക്കാട്: ജില്ലയിൽ വേനൽ കനക്കുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത അറിയിച്ചു. വേനൽക്കാലത്ത് എളുപ്പത്തിൽ പടരുന്ന ചിക്കൻപോക്സിന് ചികിത്സയില്ലായെന്നത് തെറ്റായ ധാരണയാണ്.
രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്. 2017ൽ 389 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 274 പേർ മാത്രമാണ് ചികിത്സ തേടിയത്. മൂന്നുപേർ മരണപ്പെട്ടു. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാലുടൻ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ഡിഎംഒ. പറഞ്ഞു.
തച്ചനാട്ടുക്കര, കൊപ്പം, ഓങ്ങല്ലൂർ പ്രദേശങ്ങളിലാണ് ചിക്കൻപോക്സ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുന്പും പ്രാരംഭഘട്ടങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ കൂടുതൽ സാധ്യത.
അതിനാൽ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ചിക്കൻപോക്സ് നിയന്ത്രണവിധേയമാവും. കുട്ടികളിൽ രോഗം ഗുരുതരമാവാറില്ല. അതേസമയം, മുതിർന്നവരിൽ ഇതുമൂലം മരണംവരെ സംഭവിക്കാറുണ്ട്. വായുവഴി പടരുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ പനി, ശരീരവേദന, ക്ഷീണം, നടുവേദന എന്നിവയാണ്.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുക. ഗർഭിണികളിലും പ്രായമായവരിലും മറ്റു രോഗികൾക്കും ചിക്കൻപോക്സ് ബാധിച്ചാൽ ഉടനെ വൈദ്യസഹായം തേടണം.വേനൽക്കാലത്ത് കുട്ടികൾക്കിടയിൽ കണ്ടുവരുന്ന രോഗമാണ് മുണ്ടിനീർ (താടവീക്കം).
വായുവിലൂടെ പകരുന്ന ഈ രോഗവും ഫലപ്രദമായ ചികിത്സയിലൂടെ ഭേദമാകും. ജില്ലയിൽ വേനൽ കനക്കുന്നതിനോടൊപ്പം സൂര്യതാപമേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. കഠിനമായ വെയിൽ തുടർച്ചയായി ഏല്ക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പ്രധാന മുൻകരുതലുകൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സിക്കാതെ ഡോക്ടറെ കാണണം.
പൊതുജനങ്ങൾക്ക് വേനൽക്കാല രോഗങ്ങളെകുറിച്ച് അറിവ് നല്കാനായി ആരോഗ്യവകുപ്പ് ജില്ലയിലെ 14 ബ്ലോക്കുകളിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.