കാഞ്ഞിരപ്പള്ളി: ചൂട് കനത്തതോടെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും അഗ്നിബാധയ്ക്ക് സാധ്യതയേറി. അശ്രദ്ധമായി വീഴുന്ന ഒരു തീപ്പൊരി പോലും ചിലപ്പോൾ ഏക്കർകണക്കിന് പ്രദേശം കത്തിചാന്പലാക്കും. രാവിലെയും വൈകുന്നേരവും തണുപ്പ് ഏറിയതിനാൽ കരിയിലകൾക്ക് തീയിടുന്ന പതിവ് നാട്ടിൻപുറത്തുണ്ട്.
കരിയിലകൾക്കൊപ്പമുള്ള ഉണക്കകന്പുകളിൽ പടരുന്ന തീ അണയാതെ കിടന്നാൽ വെയിൽ കനക്കുന്പോൾ ആളിപ്പടരാൻ കാരണമാകും.ഉണങ്ങിയ ഇലകളും ചുള്ളിക്കന്പുകളും വീണടിയുന്നതും മണ്ണിൽ ജലാംശമില്ലാതാകുന്നതും ചൂടുവായു പ്രവാഹവുമെല്ലാം തീപിടിത്തത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നട്ടുച്ചയ്ക്കും മറ്റും ചപ്പുചവറുകൾ തീയിടുന്നതുമൂലം തീ അതിവേഗം കാറ്റിനൊപ്പം ആളിപ്പടർന്ന് വൻ നാശമുണ്ടാക്കും.
ഉച്ചയ്ക്ക് 12നും രണ്ടിനുമിടിയിലുള്ള സമയത്താണ് തീ ഏറ്റവുമധികം ആളിപ്പടരുന്നതെന്നാണ് അഗ്നിശമന വിദഗ്ധരുടെ മുന്നറിയിപ്പ്. പുരയിടങ്ങളിലെ ഉണങ്ങിയ കരിയിലകളിൽ വീഴുന്ന ചെറിയ തീപ്പൊരിയിൽനിന്നാണ് പലപ്പോഴും വലിയ അഗ്നിബാധയുണ്ടാകുന്നത്.
അഗ്നിശമന സേന എത്തിയാൽ പോലും തീപിടിത്തം ഉണ്ടാകുന്ന മലനിരകളിലേക്ക് വാഹനം കയറിച്ചെല്ലാൻ വഴിയില്ലാത്തതിനാൽ നാശനഷ്ടത്തിന്റെ ആഴം വർധിക്കുകയും ചെയ്യുന്നു. ഇലകൾ വീണ് കരിഞ്ഞ് കിടക്കുന്ന നിലത്ത് തീപടരാതിരിക്കുവാൻ മുൻകരുതലുകൾ സ്വീകരിക്കുക മാത്രമാണ് ആകെയുള്ള നടപടി.
തീപിടിത്തം ഉണ്ടായാൽ മിനിറ്റുകൾ കൊണ്ടാണ് തീ പടരുന്നത്. ആളിപ്പടരുന്ന തീയിൽ മരങ്ങളും ഉരഗങ്ങളും നശിക്കുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിയൂ.