റാന്നി: കത്തുന്ന വേനലിൽ കാർഷിക മേഖല കരിഞ്ഞുണങ്ങുന്നു. പച്ചക്കറികളും വാഴയും ചേന്പും ചേനയും മാത്രമല്ല കുരുമുളകു വള്ളികളെപ്പോലും ഉണക്കു ബാധിച്ചതിനാൽ കർഷകർ നിരാശയിലാണ്. ഇടയ്ക്കു പെയ്ത മഴയാകട്ടെ കുലവാഴകളെ അപ്പാടെ ഒടിച്ചു കളഞ്ഞതായി കർഷകർ പറയുന്നു.
വിളവെത്താത്ത ഏത്തവാഴക്കുലകളുമായി വൻ നഷ്ടമാണ് കർഷകർക്കുണ്ടായത്. തുടർച്ചയായി മഴ കിട്ടിയിരുന്നെങ്കിൽ വിളവിനും പുതിയ കൃഷിയിറക്കലിനും ഗുണം ചെയ്യുമായിരുന്നുവെന്ന് കർഷകർ പറഞ്ഞു. മഹാപ്രളയത്തിലുണ്ടായ വൻ കർഷികനഷ്ടത്തിനു പിന്നാലെയാണ് വേനലിലെ കൃഷിനാശം.
കാർഷിക വൃത്തിയിൽ ജീവിതം കരുപ്പിടിപ്പിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവ സ്വപ്നം കാണുകയും ചെയ്യുന്ന കർഷകരെയാണ് കാലാവസ്ഥ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കിഴക്കൻ മലയോര മേഖലയിലെ പഞ്ചായത്തുകളായ വെച്ചുച്ചിറ, നാറാണംമൂഴി, സീതത്തോട്,ചിറ്റാർ, വടശേരിക്കര എന്നിവിടങ്ങളിലെ കർഷകർക്ക് കാലാവസ്ഥ വ്യതിയാനത്തിൽ വാഴകൃഷിയും മറ്റും നശിച്ച് ആയിരക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
ഒടിഞ്ഞു പോയ വാഴക്കുലകളാകട്ടെ ഒട്ടും വിളയാതെ തോരൻ പരുവം പോലുമാകാത്തതിനാൽ പ്രയോജനമില്ലാതെ വെട്ടി നീക്കുകയായിരുന്നു. കിഴക്കൻ മലയോര മേഖലയിൽ കാട്ടുമൃഗങ്ങളിൽ നിന്നുള്ള വിളനാശം നേരിട്ടു കൊണ്ടിരിക്കുന്ന കർഷകരെ തന്നെയാണ് വിളനാശം ഏറെ ബാധിച്ചിട്ടുള്ളതും.
വിളവെത്തി ഫലമെടുക്കാൻ നോക്കിയിരിക്കുന്ന കർഷകരുടെ പ്രതീക്ഷകൾ തട്ടിയെറിഞ്ഞാണ് ആനയും കാട്ടുപന്നിയും കുരങ്ങും മറ്റും കർഷക ഭുമിയിൽ പ്രവേശിച്ച് നാശം വിതയ്ക്കുന്നത്. വനഭൂമിയോടു ചേർന്നു കിടക്കുന്ന ചിറ്റാർ, സീതത്തോട്, പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി, അങ്ങാടി, വടശേരിക്കര പഞ്ചായത്തു പ്രദേശങ്ങളിലെ കർഷകർ കാലങ്ങളായി അനുഭവിച്ചു വരുന്ന ദുർവിധിയാണിത്.
കാട്ടുമൃഗശല്യത്തിൽ നിന്നും കൃഷിക്കും കർഷക കുടുംബങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യവും അധികാരികളുടെ മുന്നിൽ ഇപ്പോഴും വനരോദനമായി അവശേഷിക്കുകയാണ്.