ഒറ്റപ്പാലം: കുഴൽക്കിണറുകൾ ഭൂഗർഭജലം ഉൗറ്റുന്നത് തടയാനാകാതെ നിയമം നോക്കുകുത്തിയായി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നഗരമേഖലയിൽ കുഴൽക്കിണറുകൾ കുഴിക്കുന്നത്. വേനൽ ശക്തമായതോടെ നൂറുക്കണക്കിനു വാഹനങ്ങൾ കുഴൽക്കിണർ നിർമാണത്തിനായി അതിർത്തികടന്ന് എത്തിയിട്ടുള്ളത്.
കുഴൽക്കിണർ നിർമാണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്നും അനുമതി വാങ്ങണമെന്ന നിയമം പാലിക്കാതെയാണ് രാപ്പകൽഭേദമില്ലാതെ കുഴൽക്കിണർ നിർമാണം നടക്കുന്നത്. ഏജന്റുമാർ തമിഴ്നാട്ടിൽനിന്നാണ് ഇത്തരക്കാരെ ഇവിടേയ്ക്ക് എത്തിക്കുന്നത്.
പിന്നീട് വേനൽ അവസാനിക്കുന്നതോടെയാണ് ഇവർ മടങ്ങിപോകുന്നത്.
ഭൂഗർഭജലത്തിന്റെ തോത് ക്രമാതീതമായി കുറയുന്പോഴും ജലചൂഷണം തടയാനാകുന്നില്ല. റവന്യൂവകുപ്പിനു മുന്നിൽ പ്രവർത്തിച്ചാലും നടപടിയുണ്ടാകുന്നില്ല. ഭൂഗർഭ ജലവകുപ്പോ ഗ്രാമപഞ്ചായത്തോ ഇതിനെതിരേ നടപടിയെടുക്കാൻ മുതിരുന്നില്ല.ജില്ലയിൽ അഞ്ഞൂറുമുതൽ 600 അടിവരെ താഴ്ചയിൽ മാത്രമേ കുഴിക്കാൻ അനുവാദമുള്ളൂ.
മറുനാടൻ കുഴൽക്കിണർ നിർമാണവാഹനങ്ങൾ പിടികൂടാനും ഇടത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർ തയാറാകണം. ഓരോവീട്ടിലും ഒരു കുഴൽക്കിണർ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.രൂക്ഷമായ ജലക്ഷാമവും വരൾച്ചയുമാണ് ജനങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകും. പഴയ മാതൃകയിലുള്ള കിണർനിർമാണം ജനങ്ങൾ പൂർണമായും ഉപേക്ഷിച്ച സ്ഥിതിയാണ്.